കൊറോണ, കർശന നിർദേശവുമായി സർക്കാർ : മദ്രസകളും, ട്യൂഷൻ സെന്ററുകളും അടച്ചിടണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 12 പേർക്ക്‌ കൊവിഡ്‌ 19 സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പൊതുപരിപാടികൾ മാറ്റിയും സ്‌കൂളുകൾക്ക്‌ അവധി നൽകിയും കനത്തജാഗ്രതയാണ്‌ സർക്കാർ  സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭായോഗത്തിന്‌ ശേഷം വാർത്തസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാനാണ്‌  കനത്തജാഗ്രതയെന്നും അതിൽ ഭീതിവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും  വിശദമായി പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യമന്ത്രി കെ കെ ശൈലജ, റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവരും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സർക്കാർ തലത്തിലുള്ള എല്ലാ പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. മാർച്ച്‌ അവസാനം വരെയുള്ള പൊതുപരിപാടികളാണ്‌ നിർത്തിവെച്ചിട്ടുള്ളത്‌. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. സിബിഎസ്‌ഇ,ഐസിഎസ്‌ഇ സ്‌കൂളുകൾക്കും ഇത്‌ ബാധകമാണ്‌. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ സർക്കാർ ഭക്ഷണം നൽകും.

8,9,10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.  ഉത്സവങ്ങളും പള്ളിപരിപാടികളും അടക്കം ജനം കൂടുന്ന  ആഘോഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകും. അവയെല്ലാം ചടങ്ങുകൾ മാത്രമായി ചുരുക്കണം.  അങ്കണവാടികളും അടച്ചിടും. അങ്കണവാടി കുട്ടികൾക്ക്‌ നൽകുന്ന ഭക്ഷണം വീടുകളിൽ എത്തിക്കാർ നടപടിയെടുക്കും. മദ്രസകളും,  ട്യൂഷൻ  സെൻററുകളും അടച്ചിടണം.  വിവാഹങ്ങൾ പോലുള്ള ചടങ്ങുകളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നത്‌  ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധിതരായ 12 പേരിൽ മൂന്ന്‌പേർ രോഗം പൂർണമായി മാറിയവരാണ്‌. 3  ഇറ്റലിയിൽ നിന്നും എത്തിയവരാണ്‌.വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 807 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്.