“നെടുമങ്ങാട് ഓട്ടം” ഉത്സവത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ഗതാഗത നിയന്ത്രണം

നെടുമങ്ങാട് : നെടുമങ്ങാട് ഓട്ടം ഉത്സവത്തോടനുബന്ധിച്ച് മാർച്ച്‌ 8, 9, 10 (ഞായർ, തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ നെടുമങ്ങാട് പട്ടണത്തിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തി. ഈ ദിവസങ്ങളിൽ പട്ടണത്തിൽ പാർക്കിങ് അനുവദിക്കില്ല. സിറ്റിയിൽ നിന്ന് വട്ടിയൂർക്കാവ് , മണ്ണന്തല, കരകുളം ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ വാളിക്കോട് അന്താരാഷ്ട്ര മാർക്കറ്റിനുള്ളിലും ആര്യനാട്, മഞ്ച, ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ കല്ലിംഗൽ ഗ്രൗണ്ടിലും മുനിസിപ്പൽ പാർക്കിങ് ഏരിയയിലും അന്താരാഷ്ട്ര മാർക്കറ്റിനുള്ളിലും പാർക്ക് ചെയ്യാം.

വെമ്പായം, ചുള്ളിമാനൂർ ഭാഗങ്ങളിൽ നിന്ന്‌ വരുന്ന വാഹനങ്ങൾ എം.ടി.ഹാളിന്റെ പാർക്കിങ് ഗ്രൗണ്ടിലും കമ്മാളം റസ്റ്റോറന്റിനു സമീപമുള്ള ഗ്രൗണ്ടിലും പാർക്കു ചെയ്യാം. നെടുമങ്ങാട് പട്ടണത്തിൽ താമസിക്കുന്നവരുടെയും ബന്ധുക്കളുടെയും വാഹനങ്ങൾ ശ്രീവിദ്യ, ധനലക്ഷമി എന്നീ ഓഡിറ്റോറിയങ്ങളുടെ പാർക്കിങ് ഏരിയകളിലിടാം. ഓട്ടം നടക്കുന്ന ചൊവ്വാഴ്ച പട്ടണത്തിലേക്ക് ഒരു വാഹനവും കടത്തി വിടില്ലെന്നും നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറും നെടുമങ്ങാട് സി.ഐ. വി.രാജേഷ് കുമാറും അറിയിച്ചു.