കൊലപാതകമുൾപ്പെടെ വിവിധ കേസുകളിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ

വർക്കല : കൊലപാതകമുൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ മൂന്ന് കൊടും കുറ്റവാളികളെ അയിരൂർ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മരുതി വലിയവിള എസ്.എസ്. നിവാസിൽ സതീഷ് സാവൻ(40), ചെമ്മരുതി മുട്ടപ്പലം ആകാശ് ഭവനിൽ ഹെൽമെറ്റ് മനു എന്ന ആരോമൽ(20), കഴക്കൂട്ടം മേനംകുളം പനച്ചമൂട് ഹൗസ് നമ്പർ 828-1-ൽ അഖിൽ(19) എന്നിവരാണ് അറസ്റ്റിലായത്.

ചെമ്മരുതിയിലെ സി.പി.എം. നേതാവ് കോവൂർ ഇടശ്ശേരി മഠത്തിൽ കർമചന്ദ്രൻ നമ്പൂതിരിയെയും മകനെയും ആക്രമിച്ച കേസിലാണ് അറസ്റ്റ്.കഴിഞ്ഞ ജനുവരി 26-ന് കർമചന്ദ്രൻ നമ്പൂതിരിയുടെ വീട്ടിൽക്കയറി മദ്യപിക്കാൻ വെള്ളമെടുത്തത് അദ്ദേഹം ചോദ്യംചെയ്തിരുന്നു. തുടർന്നാണ് അദ്ദേഹത്തെ വെട്ടുകയും മകനെ മർദിക്കുകയും ചെയ്തത്. സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സി.പി.എം. അയിരൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. കുന്നത്തുമല കോളനിയിൽ ബോംബേറ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ചാശ്രമം നടത്തിയശേഷം പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ ഒളിവിൽക്കഴിയുകയായിരുന്നു. തിരുവനന്തപുരത്ത് ക്വട്ടേഷൻ ഏറ്റെടുക്കാനായി സംഘം എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചു.തുടർന്ന് വെടിവച്ചാൻ കോവിൽ ഭാഗത്തുനിന്ന്‌ നരുവാമൂട് പോലീസിന്റെ സഹായത്തോടെയാണ് ഒന്നും രണ്ടും പ്രതികളായ സതീഷ് സാവനെയും ആരോമലിനെയും പിടികൂടിയത്. അഖിലിനെ തുമ്പ പള്ളിക്കു സമീപം കടൽത്തീരത്തു നിന്നാണ് പിടികൂടിയത്.

വിവിധ ജില്ലകളിലായി കൊലപാതകമുൾപ്പെടെ 40-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സതീഷ് സാവനെന്ന് പോലീസ് പറഞ്ഞു. ആരോമൽ ക്വട്ടേഷൻ സംഘാംഗവും വിവിധ കേസുകളിൽ പ്രതിയുമാണ്. ബോംബ് നിർമാണത്തിൽ വിദഗ്ധനാണ് അഖിൽ. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ വെടിമരുന്ന് ഉൾപ്പെടെയുള്ളവ എപ്പോഴും കൈയിൽ സൂക്ഷിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.