കോവിഡ് 19: ശാർക്കര ദേവീക്ഷേത്രത്തിലെ 2020 മീനഭരണി ആഘോഷങ്ങളില്ലാതെ നടക്കും

ചിറയിൻകീഴ് : സംസ്ഥാനത്ത് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർച്ച്‌ 31വരെ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നതിനാൽ ഈ വർഷം ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ആഘോഷങ്ങളില്ലാതെ ആചാരങ്ങളും ചടങ്ങുകളും മാത്രമായി നടക്കും. സാധാരണ ഗതിയിൽ ഉത്സവത്തോട് അനുബന്ധിച്ച് നടത്തി വരാറുള്ള സ്റ്റേജ് പ്രോഗ്രാമുകൾ, അശ്വതി നാളിൽ നടത്തിവരാറുള്ള ഉരുൾ വഴിപാട് തുടങ്ങിയവ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി അറിയിച്ചു.

ഭരണി നാളിൽ നടക്കാറുള്ള ഗരുഡൻ തൂക്കം ക്ഷേത്ര തന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. ഉത്സവബലി, പള്ളിവേട്ട, തിരു ആറാട്ട് എന്നീ ചടങ്ങുകൾ ഭക്തജനങ്ങളുടെ തിരക്ക് ഒഴിവാക്കി നടത്തും.
മാർച്ച് 19-ന് ഉത്സവത്തിനു തൃക്കൊടിയേറും. മാർച്ച് 28 ന് തിരു ആറോട്ടുകൂടി അവസാനിക്കും .ഈ ദിവസങ്ങളിൽ ക്ഷേത്ര ആചാരചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന മുൻകരുതൽ സ്വീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിർദ്ദേശപ്രകാരമഞ്ഞ ക്ഷേത്രോപദേശക സമിതി ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കേരള സർക്കാരോ, ദേവസ്വം ബോർഡോ ഇപ്പോൾ എടുത്ത തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണങ്കിൽ അടിയന്തിരമായി യോഗം കൂടി ഉചിതമായ തീരുമാനമെടുക്കുന്നും അറിയിച്ചിട്ടുണ്ട്.