ഇതൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്, തോന്നയ്ക്കൽ സയൻസ് പാർക്കിനു സമീപം കക്കൂസ് മാലിന്യം

തോന്നയ്ക്കൽ : കൊറോണയെ പ്രതിരോധിക്കാൻ നെട്ടോട്ടം ഓടുമ്പോൾ ഇങ്ങനെ ചില കാര്യങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല. സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കാൻ പോകുന്ന സയൻസ് പാർക്കിനു സമീപം കക്കൂസ് മാലിന്യം ഒഴുക്കി. ദേശീയ പാതയിൽ ആറ്റിങ്ങൽ കൊല്ലം റൂട്ടിൽ സയൻസ് പാർക്കിനു എതിർവശത്താണ് കക്കൂസ് മാലിന്യം ഒഴുക്കിയിരിക്കുന്നത്.

ഇവിടെ കക്കൂസ് മാലിന്യം ഒഴുക്കിയ ഭാഗത്ത് നിരവധി വീടുകളും ഉണ്ട്. സാമൂഹിക വിരുദ്ധരുടെ ഈ അക്രമം ദിനം പ്രതി കൂടി വരികയാണ്. ദേശീയ പാതയോരത്ത് മാലിന്യം ഒഴുക്കി വിടുന്നത് യാത്രക്കാരെയും വലയ്ക്കുന്നുന്നു. വിവിധ വൈറസുകൾ പറന്നെത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ട അവരുടെ മനസിന്റെ ക്രൂരതയാണ് വ്യക്തമാകുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഇങ്ങനെ റോഡ് സൈഡിൽ മാലിന്യം തള്ളുന്നതും ആളുകൾ താമസിക്കുന്ന സ്ഥലത്ത് മാലിന്യം തള്ളുന്നതും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തടയണമെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.