ഫിൽറ്റർ ഹൗസ് വൃത്തിയാക്കുന്നതിടയിൽ കരാർ തൊഴിലാളി ടാങ്കിനുള്ളിൽ വീണു മരിച്ചു

അരുവിക്കര കുമ്മിയിലെ ജല അതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റ് ഫിൽറ്റർ ഹൗസ് വൃത്തിയാക്കുന്നതിടയിൽ കരാർ തൊഴിലാളി ടാങ്കിനുള്ളിൽ വീണു മരിച്ചു. അരുവിക്കര,  ഇരുമ്പ,  കുമ്മി ദീപാ വിലാസത്തിൽ രാജീവ്‍ലോചനൻ (58) ആണ് മരിച്ചത്. പതിവ് പോലെ ഇന്നലെ രാവിലെ ആറോടെ എത്തി ടാങ്കിലെ വെള്ളം മാറ്റി രാജീവ്‍ലോചനനും മറ്റൊരു തൊഴിലാളിയും ചേർന്ന് ഫിൽറ്റർ ഹൗസ് വൃത്തിയാക്കുന്നതിടയിൽ ഒപ്പമുണ്ടായിരുന്ന തൊഴിലാളി മറ്റെന്തോ സാധനമെടുക്കാൻ പോയിട്ട് മടങ്ങിയെത്തിയപ്പോൾ ഇദ്ദേഹം ടാങ്കിൽ വീണു കിടക്കുന്നതായി കാണപ്പെട്ടു. ഉടൻ തന്നെ പമ്പ് ഓപ്പറേറ്ററേയും അടുത്തുള്ള മറ്റൊരു പമ്പ് ഓപ്പറേറ്ററേയും വരുത്തി ടാങ്കിൽ നിന്നും രാജീവ്‍ലോചനനെ പുറത്തെടുത്തു. തുടർന്ന് അരുവിക്കര പൊലീസെത്തി പൊലീസ് വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് മൃതദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ് മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് 2 മണിയോടെ കുമ്മിയിലെ പമ്പ് ഹൗസിലേക്ക് കൊണ്ടു വന്ന് പൊതുദർശനത്തിനുവച്ചു. 15 വർഷത്തിലേറെയായി കരാർ തൊഴിലാളിയായി ജോലിനോക്കുന്ന രാജീവ്‍ലോചനന്റെ മൃതദ്ദേഹം അവിടെ നിന്നും സംസ്കാരത്തിനായി മാറ്റികൊണ്ടു പോകാൻ അനുവദിക്കാതെ ബന്ധുക്കളും നാട്ടുകാരിൽപ്പെട്ടവരും ഉപരോധിച്ചു. ജല അതോറിറ്റിയുടെ എംഡിയോ, ഉത്തവാദിത്വപ്പെട്ട മറ്റാരെങ്കിലുമോ എത്തി ഇയാളുടെ കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം നൽകാമെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ മൃതദ്ദേഹം സംസ്കാരത്തിനായി കൊണ്ടുപോകാൻ അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ ഉപരോധം. ഇതിനകം സ്ഥലത്തെത്തിയ കെ.എസ്.ശബരീനാഥൻ എംഎൽഎ ജലഅതോറിറ്റി എംഡിയുമായും മന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇരുവരും തലസ്ഥാനത്ത് ഇല്ലെന്നും ചൊവ്വാഴ്ച്ച താൻ തിരുവനന്തപൂരത്ത് എത്തിയ ശേഷം എംഎൽഎയുമായി ബന്ധപ്പെട്ട് കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ ഏർപ്പാടുണ്ടാക്കാമെന്ന് മന്ത്രി എംഎൽഎയ്ക്ക് ഉറപ്പ് നൽകി. ഇക്കാര്യം എംഎൽഎ നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചതിനെ തുടർന്ന് മൃതദ്ദേഹം കുടുംബ വീട്ടിലേക്ക് മാറ്റി വൈകിട്ട് 3 മണിയോടെ സംസ്കരിച്ചു. കരകൗശല വികസന കോഓപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.എ.ഹക്കിം, മറ്റ് പ്രാദേശിക ജനപ്രതിനിധികൾ, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ, അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു ഉദ്യോഗസ്ഥർ എന്നിവരും വിവരമറിഞ്ഞ് കുമ്മിയിലെത്തിയിരുന്നു. ഭാര്യ: സുധ. മക്കൾ: ദീപാരാജ്, ദീപ്തിരാജ്. മരുമകൻ : സജികുമാർ.