തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം : ഭാര്യയേയും മകനേയും കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കുളത്തൂരിൽ ഭാര്യയേയും മകനേയും കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌.  കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ് (35) ഭാര്യ സിന്ധു (30) മകൻ ഷാരോൺ (9) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. നേരത്തെ കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വർഷമായി ഗൾഫിലായിരുന്നു. രണ്ടാഴ്ചക്കു മുൻപാണ് നാട്ടിലെത്തിയത്.

ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കഴക്കൂട്ടം പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.