വാമനപുരം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : അധ്യാപക സംഘടനാ നേതാവിനെതിരെ ആക്രമണം.

വാമനപുരം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമം നടന്നതായി പരാതി. വോട്ടറായി എത്തിയ അധ്യാപക സംഘടനാ നേതാവിനെയാണ് മർദ്ദിച്ചത്. കെ.പി.എസ്.ടി.എ. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ഭരതന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ അനിൽ വെഞ്ഞാറമൂടിനാണ് മർദ്ദനമേറ്റത്. രാവിലെ 11 മണിയോടെ വോട്ടു ചെയ്യാനായി പോളിംഗ് ബൂത്തായ വാമനപുരം യു.പി.എസിലേക്ക് വരുന്ന വഴി സ്കൂളിനു മുന്നിൽ വച്ച് അദ്ദേഹത്തിന്റെ കൈയിൽ ഇരുന്ന സ്ലിപ്പ് പിടിച്ചു വാങ്ങുകയും പ്രകോപനമൊന്നുമില്ലാതെ ഇദ്ദേഹത്തെ വളഞ്ഞു വച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നര വർഷമായി റിസീവർ ഭരണത്തിലിരിക്കുന്ന സഹകരണ സംഘത്തിന്റെ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയിൽ വ്യാപകമായി നടന്ന ആക്രമണങ്ങളിൽ വാമനപുരം മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിന്റെ ഭാഗമായാണ് അധ്യാപകനു നേരെയും ആക്രമണമുണ്ടായതെന്ന് പറഞ്ഞു. ഇദ്ദേഹം കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നു അധ്യാപകർ ആരോപിച്ചു.