വർക്കലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി എവിടെയൊക്കെ പോയി? റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

വർക്കല : വർക്കലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി സഞ്ചരിച്ച റൂട്ട്‌ മാപ്പ്‌ പ്രസീദ്ധികരിച്ചു. ഫെബ്രുവരി 26 മുതൽ മാർച്ച്‌ 13 വരെ രോഗി സഞ്ചരിച്ച റൂട്ട്‌ മാപ്പാണ്‌ പ്രസീദ്ധികരിച്ചത്‌.ഫെബ്രുവരി 26 പകൽ 12.35ന്‌ വെനീസിലെ മാർക്കോപോളോ വിമാനത്താവളത്തിൽനിന്ന്‌ മോസ്‌കോയിലെത്തിയ രോഗി ആയറോഫ്ലോട്ട്‌ എസ്‌ യു 232 വിമാനം വഴി 27ന്‌ പുലർച്ചെ 4.25ന്‌ ഡൽഹിയിലെത്തി.
ഡൽഹിയിൽനിന്ന്‌ വിസ്‌താര യുകെ 897 വിമാനം വഴി പകൽ 10.20ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. അവിടെനിന്ന്‌ 11.40ന്‌ ടാക്‌സിയിൽ പാലൻ ബീച്ച്‌ റിസോർട്ടിലെത്തി. തുടർന്ന്‌ വർക്കല ക്ലിഫിലെ ഡാർജലിങ്‌ കഫേയിലും മണി എക്‌സ്‌ചേഞ്ച്‌ സെന്ററിലും പോയി. ഫെബ്രുവരി 27 മുതൽ മാർച്ച്‌ 12 വരെ വർക്കലയിലെ സുപ്രഭാതം റസ്‌റ്റോറന്റിൽ നിന്നാണ്‌ പ്രഭാതഭക്ഷണം കഴിച്ചത്‌. ഇത്രയും ദിവസം പകൽ 12നും മൂന്നിനുമിടയിലായി അബ്ബ റസ്‌റ്റോറന്റിൽനിന്ന്‌ ഉച്ചഭക്ഷണവും രാത്രി ഒമ്പതോടെ ക്ലഫോറ്റി റിസോർട്ട്‌, ട്രാറ്റോറിയ റസ്‌റ്റോറന്റ്‌ എന്നിവടങ്ങളിൽനിന്ന്‌ അത്താഴവും കഴിച്ചിട്ടുണ്ട്‌.
ഈ ദിവസങ്ങളിൽ നിരവധി തവണ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ആർട്ട്‌ ഷോപ്പും സന്ദർശിച്ചിട്ടുണ്ട്‌. ഫെബ്രുവരി 29ന്‌ രാത്രി 7.30 മുതൽ 12വരെ നടന്ന ഡിജെ പാർടിയിലും ഇദ്ദേഹം പങ്കെടുത്തു. കട്ടമരം ഡിജെ പാർടിയിലും പങ്കെടുത്തിരുന്നു. വർക്കല ക്ലിഫിലെ ജോഷി സൂപ്പർ മാർക്കറ്റിലും സിറ്റി മെഡിക്കൽസിലും രോഗി പോയിട്ടുണ്ട്‌. ഈ സമയം ഏതെന്ന്‌ ലഭ്യമായിട്ടില്ല. മാർച്ച്‌ 10ന്‌ ഓട്ടോറിക്ഷയിൽ ഒരു സുഹൃത്തിനൊപ്പം പാരിപ്പള്ളിയിലെ മെഡിക്കൽ കോളേജിൽ പോയ ഇദ്ദേഹം തിരിച്ച്‌ ഒറ്റയ്‌ക്ക്‌ ഓട്ടോയിൽ വന്നു.
11ന്‌ കുറ്റിക്കാട്ടിൽ അമ്പലത്തിലെ ഉത്സവത്തിലും ഇദ്ദേഹം പങ്കെടുത്തു. എത്ര സമയമുണ്ടായിരുന്നുവെന്ന്‌ വ്യക്തമായിട്ടില്ല. 13ന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിന്റെ ഭാഗമായി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്‌ മാറ്റി. രോഗിയോടൊപ്പം ഡൽഹിയിൽനിന്ന്‌ വിസ്‌താര യു കെ 897 വിമാനത്തിൽ യാത്ര ചെയ്‌തവർ 28 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന്‌ കലക്ടർ അറിയിച്ചു. ഈ സമയങ്ങളിൽ രോഗി സഞ്ചരിച്ച ഇടങ്ങളിലുണ്ടായിരുന്നവർ 0471 2730045, 0471 2730067 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം