വർക്കലയിൽ ഇറ്റാലിയൻ പൗരനുമായി നേരിട്ട് ഇടപെട്ടെന്ന് കരുതുന്ന 13ഓളം പേരെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

വർക്കല : വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്കതമായ നടപടികുളമായി വർക്കല. കഴിഞ്ഞ ദിവസങ്ങളിൽ നടന്നു വന്ന ജാഗ്രത യോഗങ്ങളുടെ തുടർച്ചയായി ഇന്ന് വർക്കല മുനിസിപ്പൽ ഓഫിസിൽ വെച്ച് അടിയന്തിര യോഗം ചേർന്നു.

ജില്ലയുടെ ചാർജുള്ള മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ , എം.എൽ.എ അഡ്വ വി ജോയ്,മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, നഗരസഭ ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .

കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനുമായി നേരിട്ട് ഇടപെട്ടു എന്ന് കരുതുന്ന 13ഓളം പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്. ഈ 13 പേരെയും പ്രത്യേകമായി നിരീക്ഷിക്കാൻ ഓരോരുത്തരെ നിയോഗിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ വാർഡ് തലത്തിൽ വോളന്റിയർമാരുടെ നേതൃത്വത്തിൽ കൂടുതൽ ജാഗ്രതാ പ്രവർത്തങ്ങൾ നടക്കും. നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധനാ ഫലങ്ങൾ അയച്ചിട്ടുണ്ട്.

നിലവിൽ വർക്കലയിൽ ഭീതിയുടെ അന്തരീക്ഷമില്ലെന്ന് യോഗം വിലയിരുത്തി. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ടൂറിസം മേഖല അടച്ചിടാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.

പൊലീസിന്റെ സഹകരണത്തോടെ റെയിൽവേ സ്റ്റേഷനിലും വിവിധ പ്രദേശങ്ങളിലും നിരീക്ഷണവും സഹായവും ലഭ്യമാക്കും. ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കാൻ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ എത്തിക്കും. പരിശോധന ഫലം കിട്ടുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തും.