വെമ്പായത്തെ സിഐടിയു ഓഫീസ്‌ സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചു

വെമ്പായം : വെമ്പായത്തെ സിഐടിയു ഓഫീസിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. വെമ്പായം ജങ്‌ഷന്‌ സമീപം പ്രവർത്തിച്ചുവരുന്ന ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ (സിഐടിയു) വെമ്പായം യൂണിറ്റ് ഓഫീസാണ് തീവച്ചു നശിപ്പിച്ചത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാടുനിന്നും വെഞ്ഞാറമൂട്ടിൽനിന്നും അഗ്നിര രക്ഷാസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. പെട്രോൾ ഒഴിച്ചശേഷമാണ് തീയിട്ടത്‌. തീ ആളിപ്പടരുമ്പോൾ മുഖം മറച്ച രണ്ടുപേർ ഓടിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഐ എം മാണിക്കൽ ലോക്കൽ സെക്രട്ടറി ആർ അനിൽ പ്രസ്താവനയിൽ അറിയിച്ചു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു)വിന്റെ വെമ്പായം യൂണിറ്റ് ഓഫീസിന് സാമൂഹ്യവിരുദ്ധർ തീവച്ച്‌ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് വെമ്പായത്ത് പ്രതിഷേധ പ്രകടനം നടന്നു. ജില്ലാ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആട്ടുകാൽ അജി, അൻഫാർ, ബി എസ് സന്തോഷ്, ശിവരാജ്, നിഷാദ് തുടങ്ങിയവർ സംസാരിച്ചു