വെഞ്ഞാറമൂട്ടിൽ രോഗിയുമായി വന്ന ആംബുലൻസിന് തീപിടിച്ചു

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് തീ പിടിച്ചു. ഇന്ന്‌ ഉച്ചയ്ക്ക് 12:15ഓടെയാണ് സംഭവം. രോഗിയുമായി വന്ന ആംബുലൻസ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം വെച്ച് തീ പിടിക്കുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ഡ്രൈവറെയും മറ്റുള്ളവരെയും ഉടൻ തന്നെ പുറത്തിറക്കി. മാത്രമല്ല മറ്റൊരു ആംബുലൻസ് എത്തി അവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥർ പറയുന്നത്. തീപിടുത്തത്തിൽ ആംബുലൻസ് പൂർണമായും കത്തിനശിച്ചു. വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി തീയണച്ചു. നടുറോഡിൽ ആംബുലൻസിന് തീ കത്തി പിടിക്കുന്നത് കണ്ട് ജനങ്ങളാകെ പരിഭ്രാന്തരായി. വെഞ്ഞാറമൂട് പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.