വിതുരയിൽ 28 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

വിതുര: ഭക്ഷ്യവിഷബാധയെ തുടർന്ന് 28 വിദ്യാർത്ഥികൾ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിതുര ഗവ. യു.പി.സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. ചർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധന നടത്തിയശേഷം എല്ലാവരെയും ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്‌തു. വിതുര ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്‌പെക്ടർമാരും എ.ഇ.ഒ ഓഫീസിലെ നൂൺമീൽ ഓഫീസറും വിതുര യു.പി സ്‌കൂളിലെത്തി പരിശോധന നടത്തി. കിണറിലെ ജലത്തിന്റെ സാമ്പിളും ശേഖരിച്ചു. എന്നാൽ സ്‌കൂളിൽ നിന്നുള്ള ഭക്ഷണത്തിൽ പ്രശ്‌നമില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

1330 കുട്ടികൾ സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് .ഈ സമയം വരെ 28 കുട്ടികൾ ചികിത്സ തേടി എത്തി എന്നാണ് വിവരം. ഇതിൽ ഇന്നലെ സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ലാത്ത കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് വാസ്തവം. സംഭവ ദിവസം സ്കൂൾ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഒന്നു മുതൽ 7വരെ ക്ലാസ്സിലെ കുട്ടികൾക്കായി സിനിമാ പ്രദർശനം സംഘടിപ്പിച്ചിരുന്നു .അവിടെ പോയ കുട്ടികളിൽ ചിലർ രഹസ്യമായി രസ്ന, ടാങ്ക് തുടങ്ങിയവ കലക്കികൊണ്ടു പോയതായും അവിടെ വച്ച് കുടിച്ചതായും സ്കൂളിലെത്തിയ മറ്റ് കുട്ടികൾ അറിയിച്ചു .കൂടാതെ ലൈസ്, ചിപ്സ്, മുറുക്ക് തുടങ്ങിയ ഭക്ഷണ സാധനങ്ങളും കഴിച്ചതായി വിവരമുണ്ട് .12 മണിക്ക് ആഹാരം കൊടുത്ത പ്രീ പ്രൈമറിയിലെ 3 മുതൽ 5 വയസ്സുവരെ പ്രായമുള്ള ഒരു കുട്ടിയും ചികിത്സ തേടി ആശുപത്രിയിൽ എത്തിയിട്ടില്ല .അവരെ സിനിമയ്ക്കും കൊണ്ടു പോയിരുന്നില്ല .അധ്യാപകരെ ഒളിച്ച് മറ്റാഹരങ്ങൾ കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഈ പ്രശ്നം വന്നിട്ടുള്ളതായി പ്രാഥമികാന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് എന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.