നാവായിക്കുളത്ത് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി

നാവായിക്കുളം : യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. പുല്ലൂർമുക്ക് വഴുതാനിക്കോണം കാവുവിളവീട്ടിൽ പരേതരായ വേലുവിന്റെയും മീനാക്ഷിയുടെയും മകൻ അജയൻ (കുട്ടപ്പൻ-36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ നാവായിക്കുളം വടക്കെവയലിൽ റോഡരികിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്കുമാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

കൂലിപ്പണിക്കാരനാണ് അജയൻ. അടുത്തിടെ അജയനു ചെറിയ തുക ലോട്ടറി അടിച്ചെന്ന അഭ്യൂഹം പരന്നിരുന്നു. എപ്പോഴും കൂട്ടുകാരോടൊപ്പം കാണുന്ന അജയനെ ആരോ അപകടപ്പെടുത്തിയതാകാമെന്നാണ്‌ ബന്ധുക്കൾ പറയുന്നത്.

അംബിക, അമ്പിളി, അനി, അനിത, ആശ എന്നിവർ സഹോദരങ്ങളാണ്.

സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.