അച്ഛനും അമ്മയും ഹെഡ്മിസ്ട്രസായി ഇരുന്ന സ്കൂളിൽ മകളും അതേ കസേരയിൽ.

നന്ദിയോട് : നന്ദിയോട് എസ്.കെ.വി സ്കൂളിന്റെ ഹെഡ്മിസ്ട്രസായി അച്ഛനും അമ്മയും ഇരുന്ന അതേ കസേരയിൽ മകളായ റാണിടീച്ചറും. അച്ഛൻ പി.കെ. സുകുമാരൻ സാർ 1951മുതൽ 1986 വരെയും പിന്നാലെ ഭാര്യ സരസമ്മ ടീച്ചർ 1986 മുതൽ 1988 വരെയും സ്കൂളിലെ പ്രഥമാദ്ധ്യാപകരായി. ഇപ്പോൾ മകൾ റാണി ടീച്ചറും അതേ കസേരയിൽ.

37 വർഷത്തെ സ്കൂൾ ജീവിതത്തിൽ 35 വർഷവും പി.കെ. സുകുമാരൻ സാർ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. 1975ൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഹെഡ്മാസ്റ്ററിനുള്ള അവാ‌ർഡും 1982ൽ ദേശീയ അവാർഡും നേടിയിട്ടുണ്ട്. 1986ൽ സാർ റിട്ടയേർഡായപ്പോൾ തത്‌സ്ഥാനത്ത് എത്തിയത് ഭാര്യ സരസമ്മ ടീച്ചറായിരുന്നു. 1988ൽ ടീച്ചർ റിട്ടയേർഡാകുന്നത് വരെ.

പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ റാണി ടീച്ചർ വിമെൻസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും എം.ജി കോളേജിൽ നിന്നു ഗണിതശാസ്ത്രത്തിൽ ബിരുദവും ആറ്റൂർ എൻ.വി.കെ.എസ്.ഡി കോളേജിൽ നിന്നു ബിഎഡും നേടി 1991ൽ എസ്.കെ.വി.യിൽ അദ്ധ്യാപികയായി. 1992 ൽ അച്ഛൻ മരിച്ചു. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ഗണിതത്തിൽ എം.എസ്‌സിയും ഹൈദരാബാദ് സി.ഐ.ഇ.എഫ്.എല്ലിൽ നിന്നു ഇംഗ്ലീഷ് അദ്ധ്യാപനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഇഗ്നോയിൽ നിന്നു എം.എഡും നേടി. പഠിച്ച സ്കൂളിൽ തന്നെ ഹെഡ്മിസ്ട്രസായി എത്തുമ്പോൾ മറ്റൊരു കൗതുകം ടീച്ചർക്ക് പറയാനുണ്ട്. ടീച്ചറിന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ക്ലാസ് ടീച്ചറുടെ ഒപ്പ് സ്വന്തം അമ്മയുടെയും സ്കൂൾ ഹെഡ്മാസ്റ്ററുടെ ഒപ്പ് സ്വന്തം അച്ഛന്റേതുമാണ്. ഗവേഷണ മോഹത്തോടൊപ്പം തികച്ചും ഗ്രാമീണ മേഖലയിലെ ആദിവാസി കുട്ടികൾ ധാരാളമായി പഠിക്കുന്ന എസ്.കെ.വി സ്കൂളിലെ പ്രധാനാദ്ധ്യാപികയായി റാണി ടീച്ചർ എത്തുമ്പോൾ നൂറ് ശതമാനത്തിൽ കുറഞ്ഞ വിജയമൊന്നും പ്രതീക്ഷിക്കുന്നില്ല. ഒപ്പം അച്ഛന്റെയും അമ്മയുടെയും പാത പിൻതുടർന്നെത്തുന്ന ടീച്ചറിൽ വലിയ പ്രതീക്ഷ അർപ്പിക്കുകയാണ് രക്ഷാകർത്താക്കളും വിദ്യാർത്ഥികളും.

നെടുമങ്ങാട് കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ: മോഹൻകുമാറാണ് ഭർത്താവ്.