കനത്ത മഴ, അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു : സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കുക !

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ‌ജില്ലകളാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്. ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. നഗരത്തിൽ അജന്ത തീയറ്റർ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂർ, കുറ്റിച്ചൽ എന്നീ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.