നന്ദിയോട്ട് പെൺകരുത്തിൽ പഞ്ചായത്തിലെ ഏറ്റവും നീളം കൂടിയ മൺറോഡ് തുറന്നു

നന്ദിയോട് പഞ്ചായത്തിലെ ഏറ്റവും നീളം കൂടിയ മൺറോഡ് പച്ച വാർഡിലെ തുമ്പിയാം കുന്നിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷത്തി എൺപതിനായിരം രൂപ ചെലവഴിച്ച് ആയിരം തൊഴിൽ ദിനങ്ങൾ കൊണ്ടാണ് റോഡ് യാഥാർത്ഥ്യമാക്കിയത്. തൊഴിൽ മേറ്റ് ബീനയുടെ നേതൃത്വത്തിൽ മുപ്പത് പേരാണ് നിർമ്മാണത്തിൽ അണിചേർന്നത്. ഇതോടെ ഈ പ്രദേശം ഗതാഗതയോഗ്യമായി. പച്ച വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടാമത്തെ റോഡാണിത്. മുതിർന്ന അംഗം ശ്യാമളഅമ്മ നിലവിളക്ക് കൊളുത്തി. പഞ്ചായത്തംഗം നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ, റോഡിനായി സ്ഥലം വിട്ടുനൽകിയവർ എന്നിവരെ കൂടാതെ ജി.ചന്ദ്രദാസ്, കെ.ശിവദാസൻ എന്നിവരും പങ്കെടുത്തു.