ആറ്റിങ്ങലിൽ തച്ചൂർകുന്ന് സ്വദേശിക്ക് കോവിഡ്, സമ്പർക്കപട്ടിക തയ്യാറാക്കി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ രണ്ടാമത്തെ വൈറസ് ബാധ സ്ഥിരീകരിച്ചു. ആറ്റിങ്ങൽ തച്ചൂർകുന്ന് 6-ാം വാർഡിലാണ് ആശാൻവിള ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ 34 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കേശവദാസപുരത്തുള്ള സാന്ത്വന മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ്. സഹപ്രവർത്തകനായ തിരുവനന്തപുരം സ്വദേശിക്ക് രണ്ട് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളെയും കുടുംബത്തിനെയും ഹോം ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വിഭാഗം നിർദേശിച്ചു. കഴിഞ്ഞ ദിവസം രാത്രി മുതൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ ഇന്ന് 11 മണിയോടെ വലിയകുന്ന് താലൂക്കാശുപത്രിയിൽ ആന്റിജൻ ടെസ്റ്റിന് വിധേയനാക്കി. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ് നഗരസഭാ ചെയർമാൻ എം.പ്രദീപിനെ വിവരമറിയിച്ചു. ചെയർമാന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ ഇയാളുടെയും കുടുംബത്തിന്റെയും സമ്പർക്ക പട്ടികയും ശേഖരിച്ചു. പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ശ്രവ പരിശോധനക്കുള്ള നടപടികളും പൂർത്തിയാക്കി.

കഴിഞ്ഞ ദിവസം ഇയാളുടെ ഹെൽമെറ്റ് വാങ്ങി ഉപയോഗിച്ച അയൽവാസിയായ യുവാവിനെയും ആരോഗ്യവിഭാഗം സി.എസ്.ഐ ക്വാറിന്റെൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ഇയാളുടെ വീടും പരിസരവും ഡിസ് ഇൻഫെക്ഷൻ ചെയ്തു. രോഗബാധ സ്ഥിരീകരിച്ച ഇയാൾ ഇന്ന് രാവിലെ തച്ചൂർകുന്നിൽ പ്രവർത്തിക്കുന്ന പാൽ സൊസൈറ്റിയിൽ പോയതായി മനസിലാക്കാൻ കഴിഞ്ഞു. ഇവിടുത്തെ ജീവനക്കാരിയെയും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചു. പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളുടെ അച്ഛൻ 30.07.20 വ്യാഴാഴ്ച രാവിലെ 11 മണിയോടുകൂടി മാമത്തെ എസ്.ബി.ഐ ബാങ്കിലും തുടർന്ന് ആറ്റിങ്ങലിലെ വിദേശമദ്യശാലയിലും അതിന് സമീപത്തെ പൗൾട്രി ഫാമിലും പോയിരുന്നു. 31.07.20 വെള്ളിയാഴ്ച രാവിലെ തച്ചൂർകുന്നിലും, പൈപ്പ് ലൈൻ റോഡിലെ കടകളിലും പോയിരുന്നു. ഇവർ താമസിക്കുന്ന വീടും പരിസരവും സന്ദർശിച്ച സ്ഥാപനങ്ങളും കടകളും നഗരസഭാ ആരോഗ്യ വിഭാഗം അ അണുവിമുക്‌തമാക്കി. കൂടാതെ ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും ഇത്തരത്തിൽ ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവർ ഒരു നാടിനെ തന്നെ വിപത്തിലേക്ക് തള്ളിവിടുകയാണ്. ഓരോരുത്തരും രോഗ വാഹകരാവാതെ രോഗഘാതകരാവണമെന്നും ചെയർമാൻ അറിയിച്ചു. വാർഡ് കൗൺസിലർ എം.കെ.സുരേഷ്,
ജെ.എച്ച്.ഐ മാരായ ജി.എസ്. മഞ്ചു, ഷെൻസി, ജയൻ, വിനോദ്, ആശാവർക്കർ തുളസി തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി.