വക്കം നിവാസികൾക്ക് ആശ്വാസം, പരിശോധന നടത്തിയ 75 പേർക്കും കോവിഡ് നെഗറ്റീവ്

വക്കം : വക്കം റൂറൽ ഹെൽത്ത് സെന്ററിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 75പേർക്കും നെഗറ്റീവ്. തീരദേശ മേഖലകളിൽ കൊവിഡ് രോഗികൾ കൂടിവരുന്നത് കണക്കിലെടുത്താണ് വക്കം, അഞ്ചുതെങ്ങ് റൂറൽ ഹെൽത്ത് സെന്ററുകളിൽ ബുധനാഴ്ച കൊവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയത്. മറ്റാളുകളുമായി ഏറെ സമ്പർക്കം പുലർത്തുന്നവർക്കാണ് ടെസ്റ്റ് നടത്തുന്നതിൽ മുൻഗണന നൽകിയത്. കടയ്ക്കാവൂർ സ്റ്റേഷനിലെ പൊലീസുകാർ, വിവിധ സ്റ്റാൻഡുകളിലെ ആട്ടോ ഡ്രൈവർമാർ, പൊതു പ്രവർത്തകർ തുടങ്ങിയവരിൽ 75 പേരുടെ സ്രവ പരിശോധന നടത്തി. ഡോ. രാമകൃഷ്ണ ബാബു, ഡോ. അശ്വനി രാജ്, വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.