അക്രമം ചോദ്യം ചെയ്യാനെത്തിയ എസ്.ഐയ്ക്ക് നേരെയും ആക്രമണം: പ്രതികൾ പിടിയിൽ

വിതുര: വിതുര, പൊന്നാൻചുണ്ട്, ചെറുമണലി ആദിവാസി കോളനിയിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറുകയും സ്ഥലവാസികളായ മണലി തടത്തരികത്തു വീട്ടിൽ പദ്മനി (52), ശരത്ചന്ദ്രൻ ദമ്പതികളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. വിതുര, ചരുവിളാകം, അനിൽ സദനത്തിൽ നിഥിൻ (22), വിതുര, കളിയ്ക്കൽ, ചരുവിളാകത്തു വിജിത ഭവനിൽ അരുൺ ജിത്ത് (23), വിതുര, കളിയ്ക്കൽ, തടത്തരികത്തു വീട്ടിൽ ഹരി നാരായണൻ (20), വിതുര, കെ.പി.എസ്.എം ജംഗ്ഷൻ, പോറ്റിക്കുന്ന് സജിൻ മൻസിലിൽ മുഹമ്മദ് സിജിൻ (25), വിതുര, തേവിയോട്, ജിജേഷ് ഭവനിൽ ജിജേഷ് (22), വട്ടിയൂർക്കാവ്, വഴയില, സജിത ഭവനിൽ നിന്നും വിതുര, ചേന്നൻപാറ തടത്തരികത്തു വീട്ടിൽ രാജേഷ് (25) എന്നിവരെയാണ് വിതുര പോലീസ് അറസ്റ്റു ചെയ്തത്.

വിതുര പോലീസ് എസ്.എച്ച്.ഒ എസ്.ശ്രീജിത്ത്, എസ്.ഐ എസ്.എൽ.സുധീഷ്, എ.എസ്.ഐ പത്മരാജ്, സി.പി.ഒമാരായ ജയരാജ്, അനിൽ, ശരത്ത് എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ ആക്രമണം നടത്തുന്നു എന്നറിഞ്ഞ സബ് ഇൻസ്പെകടറും, പോലീസുകാരും സ്ഥലത്തെത്തി പ്രതികളെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസുകാരെ ആക്രമിച്ചതുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.