ആലംകോട്ട് രണ്ട് പേർക്കും അവനവഞ്ചേരിയിൽ 4 വയസ്സുകാരനും കൊവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: ആലംകോട് സ്വദേശികളായ 43 കാരിക്കും 20 കാരനും, അവനവഞ്ചേരി കിളിത്തട്ട് മുക്കിൽ 4 വയസ്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 43 കാരിയുടെ ഭർതൃമാതാവിനെ മറ്റ് അസുഖങ്ങളുടെ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ചികിത്സക്ക് കൂട്ടിരിപ്പ്കാരായിരുന്നു ഇന്ന് രോഗം സ്ഥിരീകരിച്ച ആലംകോട് സ്വദേശികളായ രണ്ട് പേരും.

ഈ മാസം 28-ാം തീയതി ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ ഇവരെ മൂവരെയും പി.സി.ആർ സ്രവ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇന്ന് ഉച്ചയോടുകൂടി കൂട്ടിരിപ്പ്കാരായ ഇവരുടെ ഫലം പൊസിറ്റീവ് ആവുകയായിരുന്നു എന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ഇവരെ രണ്ട് പേരെയും വക്കത്തെ സി.എഫ്.എൽ.റ്റി.സിയിലേക്ക് മാറ്റി. 43കാരിയുടെ പ്രഥമ സമ്പർക്ക പട്ടികയിലുള്ള ഭർത്താവ് ഇന്ന് രാവിലെ മത്സ്യ വ്യാപരവുമായി ബന്ധപ്പെട്ട് ആലംകോട് മത്സ്യമാർക്കറ്റിൽ പോയിരുന്നു. മകൻ ഈ മാസം 29-ാം തീയതിയാണ് ആലംകോട് പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഓൺലൈൻ കച്ചവട കമ്പനിയിൽ അവസാനമായി ജോലി ചെയ്തത്.

രോഗബാധിതനായ രണ്ടാമൻ 28-ാം തീയതി ചാത്തമ്പറ കെ.റ്റി.സി.റ്റി ആശുപത്രി സന്ദർശിച്ചതായും മനസിലാക്കാൻ കഴിഞ്ഞെന്ന് ജെ.എച്ച്.ഐ ഹാസ്മി എ.എൽ പറഞ്ഞു. ഈ ദിവസങ്ങളിൽ ഇവരുമായി അടുത്തിടപഴകിയവർ ഹോം ക്വാറന്റൈനിൽ കഴിയണം.

നാല് വയസ്സുകാരനായ കുട്ടിയുടെ അമ്മക്ക് രണ്ട് ദിവസം മുമ്പ് രോഗം സ്ഥിതീകരിച്ചിരുന്നു. തുടർന്ന് ഈ വീട്ടിലെ നാല് അംഗങ്ങളെയും 28-ാം തീയതി പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ നാല് വയസ്സുകാരന്റെ ഫലം പൊസിറ്റീവായി. കുട്ടിയെ എസ്.ആർ. മെഡിക്കൽ കോളേജിൽ കഴിയുന്ന അമ്മയുടെ അടുത്തേക്ക് മാറ്റി.
ഈ മൂന്ന് പേരുടെ കുടുംബാംഗങ്ങളോടും വീട്ട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദേശിച്ചു. ആലംകോട് രോഗബാധിതരുടെ വീടിന് സമീപം അവർ ഉപയോഗിച്ച മാസ്കുകൾ റോഡിലും പരിസരങ്ങളിലുമായി വലിച്ചെറിഞ്ഞിരിക്കുന്നതായി നാട്ടുകാർ ചെയർമാനോട് പരതിപ്പെട്ടു. തുടർന്ന് ചെയർമാന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മാസ്കുകൾ നശിപ്പിക്കുകയും വീട്ടുകാർക്ക് ബോധവൽക്കരണവും നൽകി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രോഗവ്യാപനം തീവ്രത കൂട്ടും കൂടാതെ ആരോഗ്യ മേഖലക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നീയമ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. ഇവരുടെ വീട്ടുകാരുടെ സ്രവ പരിശോധന സെപ്റ്റംബർ ഒന്നാം തീയതി വലിയകുന്ന് താലൂക്കാശുപത്രിയിൽ നടത്തുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ജെ.എച്ച്.ഐ അഭിനന്ദിന്റെ നേതൃത്വത്തിൽ നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം വീടും പരിസരവും അണുവിമുക്തമാക്കി.