ആനാട്ടെ കർഷകചന്ത കേരളത്തിന് നല്ല മാതൃകയെന്ന് കൃഷി ഡയറക്ടർ ഡോ.കെ.വാസുകി..

ആനാട് :ആനാട്ടെ കർഷകചന്ത കേരളത്തിന് നല്ല മാതൃകയെന്ന് കൃഷി ഡയറക്ടർ. കൃഷി വകുപ്പ് ഡയറക്ടർ ഡോ.കെ.വാസുകി.ഐ.എ.എസ് ആനാട് നടന്നു വരുന്ന കർഷക ചന്ത സന്ദർശിച്ചു. കർഷകർ വില നിശ്ചയിച്ച്, ഉല്പന്നം പ്രദർശിപ്പിച്ച്, ലേലം നടത്തി കർഷകർക്കും നാട്ടുകാർക്കും വില്പന്ന നടത്തുന്ന ഈ ചന്ത കേരളത്തിന് സ്വീകരിക്കാവുന്ന നല്ല മാതൃകയാണെന്ന് കൃഷി ഡയറക്ടർ അഭിപ്രായപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ആനാട് സുരേഷ് കർഷകചന്ത, ഇക്കോഷോപ്പ് പ്രവർത്തനങ്ങളും, ഗ്രാമപ്പഞ്ചായത്തിലെ ഭക്ഷ്യ സുരക്ഷാ പ്രവർത്തനങ്ങളും വിശദീകരിച്ചു. മാതൃകാ കർഷകൻ പുഷ്കരപിള്ള ഒരു ഓണക്കുല ഡയറക്ടർക്ക് സമ്മാനിച്ചു. കർഷക ചന്തയിൽ ഏഴേക്കറിലെ സമ്മിശ്ര കൃഷിയിൽ നിന്നും കന്നി വിളവുമായെത്തിയ ബി.ടെക് ബിരുദധാരിയും യുവ സഹോദര കർഷകരുമായ വേട്ടമ്പള്ളി രാംകുമാറിനെയും, ശ്രീകുമാറിനെയും പ്രത്യേകം അഭിനന്ദിക്കുകയും, യുവാക്കൾ കൃഷിയിലൂടെ യുവസംരംഭകരായി വളരണമെന്നഭ്യർത്ഥിക്കുകയും ചെയ്തു. പെരിങ്ങാവിൽ പാരമ്പര്യ കർഷകനായ ശശിധരനും ജിനുവും ആറേക്കറിൽ ചെയ്തു വരുന്ന ഓണകൃഷിയുടെ വിളവെടുപ്പും കൃഷി വകുപ്പ് ഡയറക്ടർ നിർവ്വഹിച്ചു. ആനാട് ഗ്രാമപ്പഞ്ചായത്തിൽ ഇരുപത്തഞ്ച് ഏക്കർ സ്ഥലം ജൈവകൃഷി യോഗ്യമാക്കണമെന്ന കൃഷിവകുപ്പ് ഡയറക്ടറുടെ നിർദ്ദേശം നടപ്പിലാക്കുമെന്ന് ആനാട് സുരേഷ് അറിയിച്ചു. വാർഡ് മെമ്പർമാരായ ജയചന്ദ്രൻ, സിന്ധു, മാർക്കറ്റിംഗ് ഡയറക്ടർ രജിത, നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമ വല്ലി, കൃഷി ആഫീസർ എസ്.ജയകുമാർ കാർഷിക വികസന സമിതി അംഗങ്ങളായ അജയകുമാർ, ഗോപകുമാർ, കർഷകചന്ത കോ-ഓർഡിനേറ്റർ ആൽബർട്ട്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ആനാട് കർഷക ചന്ത കേരളത്തിന്‌ മാതൃക, മുൻ ജില്ലാ കളക്ടറും ഇപ്പോഴത്തെ കൃഷി ഡയറക്ടറുമായ വാസുകി ഐ.എ. എസ് പറയുന്നു….

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Thursday, August 13, 2020