അഞ്ചുതെങ്ങ് ആറാം വാർഡിലെ മൂന്നു കലുങ്കുകൾ പുനർനിർമിക്കണമെന്ന് ആവശ്യം

അഞ്ചുതെങ്ങ് : ആലംകോട് മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. ടെൻഡർ നടപടി പുർത്തിയായി, എഗ്രിമെന്റ് വെച്ചാൽ മതി എന്നാണ് അറിയാൻ കഴിയുന്നത്.

ഈറോഡ് അഞ്ചുതെങ്ങ് പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോൾ, മീരാൻ കടവ് പാലം കഴിഞ്ഞ് മൂന്ന് കലുങ്കുകൾ നിലനിൽക്കുന്നുണ്ട്.

ഈ റോഡ് നിർമ്മിച്ച ആദ്യ കാലത്ത് സ്ഥാപിച്ചതാണ് ഈ കലുങ്കുകൾ. മടവാ പാലത്തിന് സമീപമുള്ള കലുങ്ക്, അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിന് സമീപമുള്ള കലുങ്ക്, ജംഗ്ഷന് സമീപം പെട്രോൾ പമ്പിനടുത്ത് ഉള്ള കലുങ്ക്. ഈ മൂന്ന് കലിങ്കിലൂടെയാണ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ താഴ്ന്ന പ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഒഴുകി കായലിലേക്ക് പോകുന്നത്. ഇവ മൂന്നും മൂടി കിടക്കുന്നതിനാൽ എല്ലാ മഴക്കാലത്തും ഈ പ്രദേശത്തെ വീടുകൾ, റോഡുകളും വെള്ളത്തിനടിയിൽ ആകുന്നു. ആഴ്ചകളോളം വെള്ളം കെട്ടിക്കിടന്നു വീടുകളും
റോഡുകളും നശിച്ചു പോകുന്ന അവസ്ഥയും ഉണ്ട്. ഈ കലുങ്കുകൾ പുനർ നിർമ്മിച്ചാൽ മാത്രമേ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം ഉണ്ടാകു.

കൂടാതെ ജംഗ്ഷന് സമീപം ഗുരു മന്ദിരത്തിന് മുന്നിൽ മഴപെയ്താൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.
വാർഡ് മെമ്പർ എസ് പ്രവീൻചന്ദ്ര മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് അത് പരിഹരിക്കുന്നതിനുവേണ്ടി ഇടയ്ക്ക് ഒരു പ്രോജക്ട് അംഗീകരിച്ചിരുന്നു. എന്നാൽ കിഫ്‌ബിയുടെ വലിയ പ്രോജക്ട് വരുന്നതിനാൽ ആ പ്രോജക്ട് മാറ്റിവെച്ചു .

ഈ പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിനും പോസ്റ്റ് ഓഫീസിനു സമീപത്തുള്ള ഓടയിലേക്ക് ഈ വെള്ളം ഒഴുക്കി വിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത് .
കിഫ്‌ബിയുടെ പ്രോജക്ടിലെ അവസാന നാന്നൂറ് മീറ്ററിൽ ആണ് ഈ മൂന്നു കലുങ്കുകൾ ഉൾപ്പെടുന്നത്. ഇതുസംബന്ധിച്ച് നിരവധി പ്രാവശ്യം വാർഡ് മെമ്പർ എസ് പ്രവീൻചന്ദ്ര ആറ്റിങ്ങൽ പിഡബ്ല്യുഡി ഓഫീസിന്റെ ആറ്റിങ്ങൽ പരാതികൾ നൽകിയിട്ടുണ്ട്. മന്ത്രി ഇടപെട്ട് ഈ മൂന്നു കലുങ്കുകളും പുനർ നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവീൺ ചന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിവേദനം നൽകി.