അഞ്ചുതെങ്ങ് നിവാസികൾക്ക് ആശ്വാസം : 142 പേരെ പരിശോധിച്ചതിൽ 4 പേർക്ക് മാത്രം രോഗം. മത്സ്യതൊഴിലാളികൾ തിങ്കളാഴ്ച മുതൽ മാർക്കറ്റുകളിലേയ്ക്ക്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയുടെ ഭാഗമായി അഞ്ചുതെങ്ങിൽ 142 പേരുടെ ആൻ്റിജൻ പരിശോധനയിൽ 4 പേർക്കു മാത്രമെ രോഗമുള്ളെന്നും എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനം അഞ്ചുതെങ്ങിൽ രോഗ വ്യാപനം നന്നായി തടയുവാൻ സാധിച്ചിട്ടുണ്ടെന്നും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

ഇതര ജില്ലകളിലും പഞ്ചായത്തുകളിലും മത്സ്യ കച്ചവടത്തിനു പോകുന്നവർക്ക് മാത്രമായിട്ടായിരുന്നു ഇന്നത്തെ പരിശോധന .പരിശോധിച്ചവരിൽ രോഗമില്ലാത്തവർക്ക് രോഗമില്ലെന്നുള്ള രേഖകൾ നൽകും. ഈ രേഖകൾ വച്ച് ഒരാഴ്ചവരെ മത്സ്യ കച്ചവടത്തിനു പോകാം. കഴിഞ്ഞ ദിവസം മത്സ്യകച്ചവടത്തിനു പോകാൻ കഴിയാത്ത സ്ത്രീകൾ പലയിടങ്ങളിലായി റോഡുകൾ തടഞ്ഞു പ്രതിഷേധിച്ചിരുന്നു. ആർ ഡി ഒ യും ജനപ്രതിനിധികളും ഇടവക വികാരിമാരും പോലീസ് മേലധികാരികളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇങ്ങനെ ഒരുതീരുമാനമെടുത്തത്.

അഞ്ചുതെങ്ങ് സെൻറ് ജോസഫ്സ് സ്കൂളിൽ 68 പേരെ പരിശോധിച്ചതിലും മാമ്പള്ളി സെൻ്റ് അലോഷ്യസ് എൽ പി സ്കൂളിൽ 74 പേരെ പരിശോധിച്ചതിലും രണ്ടു പേർക്കുവീതം രോഗമുള്ളതായി കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 75 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല.

അഞ്ചുതെങ്ങ് നെടുങ്ങണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 13 പേരും കഠിനംകുളത്തു നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഒരാൾ വീതവും രോഗമുക്തരായി പുറത്തിറങ്ങി.ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.മഹേഷ്, ഡോ.നീന, ഡോ.നീതു എന്നിവരാണ് പരിശോധന നടത്തിയത്.