അഞ്ചുതെങ്ങിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം, ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളതും ജൂലൈ 15-ാം തീയതി മുതൽ ക്രിട്ടിക്കൽ കണ്ടെയ്മെൻ്റ് സോണുമായിട്ടുള്ള അഞ്ചുതെങ്ങ് പഞ്ചായത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗം ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.ഫിറോസ് ലാൽ പ്രമേയത്തെപിൻതാങ്ങി. ഏറ്റവും കൂടുതൽ കയർ -മത്സ്യ തൊഴിലാളികളാണ് ഇവിടെ അധിവസിക്കുന്നത്. അർദ്ധ പട്ടിണിക്കാരായ ഇവിടത്തെ ജനങ്ങളെ സഹായിച്ചേ മതിയാകൂ. 14 വാർഡുകളിലായി4200 കുടുംബങ്ങളും ഇരുപത്തയ്യായിരം വരുന്ന ജനസംഖ്യയുമുണ്ട്. തുടർച്ചയായി 6 മാസം കൊണ്ട് ദുരിതമനുഭവിക്കുകയാണ്. ദാരിദ്ര്യമകറ്റാനും രോഗത്തെ തടയുവാനും പ്രത്യേക പദ്ധതി വേണം. വ്യാജ പ്രചരണങ്ങൾ മൂലം പരിശോധനയ്ക്ക് ഇപ്പോൾ ആളുകൾ വരുന്നില്ല. ഇതു മൂലം പരിശോധന ഒരു കേന്ദ്രത്തിലാക്കി ചുരുക്കി. വ്യാപകമായ ബോധവൽക്കരണം നടത്തേണ്ടതായിട്ടുണ്ട് ഇതിന് ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക ശ്രദ്ധ വേണം.

ഇന്ന് അഞ്ചുതെങ്ങ് മാമ്പള്ളിയിൽ 34 പേരിൽ നടത്തിയ പരിശോധനയിൽ 14 പേർക്കു കൂടി രോഗം കണ്ടെത്തി.ഇതോടെ അഞ്ചുതെങ്ങിൽ മാത്രം 661 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.ഇതിൽ പകുതിയിലധികം പേർ രോഗമുക്തരായി. ഇന്ന് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ സ്കൂളിൽ 50 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ ആർക്കും രോഗമില്ലെന്നു കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 17 പേർക്കു ആൻറിജൻ ടെസ്റ്റും 11 പേർക്കു ആർറ്റിപിസിആർ പരിശോധനയും നടത്തി. ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവാണ്. ഇന്ന് അഞ്ചുതെങ്ങിലെ ഒരാൾ മാത്രമാണ് രോഗമുക്തയായത്.

ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് മാമ്പള്ളി എൽ.പി. സ്കൂൾ, പെരുമാതുറ എൽ .പി .സ്കൂൾ വക്കം നിലയ്ക്കാമുക്ക് യു.പി.സ്കൂൾ ചിറയിൻകീഴ് താലൂക്കാശുപത്രി എന്നിവിടങ്ങളിൽ നാളെയും പരിശോധന ഉണ്ടാകും.