ആര്യനാട് സഹകരണ ബാങ്കിലെ ക്രമക്കേട്: ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു..

ആര്യനാട്: ആര്യനാട് സർവീസ്‌ സഹകരണ ബാങ്കിൽ ക്രമക്കേടു നടത്തിയ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് ഭരണസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

എം.ഡി.എസുമായി ബന്ധപ്പെട്ട്‌ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 2019 ഡിസംബറിലാണ് ഒരു വനിതാ ജീവനക്കാരിയെ ഭരണസമിതി സസ്‌പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണം നടക്കവേ ചില ക്രമക്കേടുകൾ കണ്ടെത്തി. തുടർന്ന് പിന്നീട് ഒരു ജീവനക്കാരനെയും സസ്‌പെൻഡ് ചെയ്തു.

ബാങ്കിനുണ്ടാക്കിയ സാമ്പത്തിക നഷ്ടം ഇവരിൽനിന്നുതന്നെ ഈടാക്കും. അതിനുള്ള നടപടികളുമായി ഭരണസമിതി മുന്നോട്ടുപോകുകയാണ്. അതിന്റെ പരിശോധനയും ആരംഭിച്ചു. ഒരു സബ് കമ്മിറ്റി ഇതിനായി രൂപവത്കരിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് നിയമനടപടികൾ സ്വീകരിക്കും. സഹകാരികളുടെ ബാങ്ക് ഇടപാടുകൾക്ക് ഒരു തടസ്സവുമില്ല. ബാങ്ക് പ്രസിഡന്റ് ദീക്ഷിത്, ഭരണസമിതി അംഗങ്ങളായ മോഹനൻ നായർ, സുകുമാർ നായർ, സെക്രട്ടറി അരുൺഘോഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.