ആറ്റിങ്ങൽ ബൈപ്പാസ് : അന്തിമവിജ്ഞാപനം ഇറങ്ങിയതോടെ എംപിയും എംഎൽഎയും വാക്ക്പോരിനോ?

ആറ്റിങ്ങൽ : ആറ്റിങ്ങൽ ജനതയുടെ ചിരകാല അഭിലാഷമായ ആറ്റിങ്ങൽ ബൈപാസ് യാഥാർത്ഥ്യമാകുന്നുവെന്നും അന്തിമവിജ്ഞാപനം ഇറങ്ങിയെന്നും വാർത്തകൾ വന്നത്തോടെ ആറ്റിങ്ങൽ എംപി അടൂർ പ്രകാശും എംഎൽഎ അഡ്വ ബി സത്യനും വാക്ക്പോരിന് ഒരുങ്ങുന്നോ എന്നാണ് ജനങ്ങളുടെ ചോദ്യം. അതിനു കാരണം കഴിഞ്ഞ ദിവസം എംപിയുടെ വാർത്താകുറിപ്പിന് പിന്നാലെ വന്ന എംഎൽഎയുടെ കുറിപ്പാണ്.

എംപിയുടെയും എംഎൽഎയുടെയും കുറിപ്പുകൾ ഇവിടെ ചേർക്കുന്നു.

എംപിയുടെ ഓഫിസിൽ നിന്ന് വന്ന പത്രക്കുറിപ്പ് :

ആറ്റിങ്ങൽ ജനതയുടെ ചിരകാല അഭിലാഷമായ ആറ്റിങ്ങൽ ബൈപാസ് യാഥാർത്ഥ്യമാകുന്നുവെന്ന് അടൂർ പ്രകാശ് എം. പി. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള 30.08 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മണമ്പൂരിയിൽ നിന്നും തുടങ്ങി മാമത്ത് അവസാനിക്കുന്ന ആറ്റിങ്ങൽ ബൈപാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനമായ 3D നോട്ടിഫിക്കേഷൻ ഇറങ്ങിയതായി അടൂർ പ്രകാശ് എം. പി അറിയിച്ചു. 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ആറ്റിങ്ങൽ ബൈപാസ് നിർമാണം. അന്തിമവിജ്ഞാപനം ആയതോടെ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങിയതായും ഇനി നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും അടൂർ പ്രകാശ് എം.പി അറിയിച്ചു.3A നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് പരാതികൾ കേൾക്കുകയും പരമാവധി പരാതികൾ പരിഹരിക്കുകയും ചെയ്തിരുന്നു. ബൈപ്പാസിന്റെ നിർമ്മാണ അലൈൻമെൻറ്മായി ബന്ധപ്പെട്ട് കൊല്ലമ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാതിയിന്മേൽ കോടതി നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ഉണ്ടായി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്തിമ വിജ്ഞാപനമായ 3D നോട്ടിഫിക്കേഷനിൽ ഈ പരാതിയുമായി ബന്ധപ്പെട്ട മേഖല ഒഴിവാക്കിയാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരം ഈ സ്ഥലവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പിന്നീട് ഇറക്കുമെന്നും ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യ പ്രോജക്ട് ഡയറക്ടർ അറിയിച്ചതായി അടൂർ പ്രകാശ് എം. പി പറഞ്ഞു.ആറ്റിങ്ങൽ ബൈപാസ്സുമായി ബന്ധപ്പെട്ട് മുൻ എംപി യുടെ കാലഘട്ടത്തിൽ 3A നോട്ടിഫിക്കേഷൻ മൂന്നുതവണ വന്നിരുന്നുവെങ്കിലും നടപടികൾ പൂർത്തീകരിക്കുവാനോ അന്തിമവിജ്ഞാപനമായ 3D നോട്ടിഫിക്കേഷനിലേക്ക് കടക്കുവാനോ കഴിഞ്ഞിരുന്നില്ല. അടൂർ പ്രകാശ് ആറ്റിങ്ങൽ പാർലമെൻറ് അംഗമായി വന്നതിനുശേഷമാണ് 3A നോട്ടിഫിക്കേഷൻ വീണ്ടും ഇറക്കുന്നതിനും അന്തിമവിജ്ഞാപനം ആയ 3D നോട്ടിഫിക്കേഷൻ ഇറക്കുന്നതിനായി പാർലമെൻറിലും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിലും തുടരെത്തുടരെ ഉണ്ടായ ഇടപെടലുകളാണ് ഈ അന്തിമ വിജ്ഞാപനം ഇറക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത്.
2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനമാണ് ഇതോടെ പ്രാവർത്തികമാക്കുവാൻ പോകുന്നത്.ആറ്റിങ്ങൽ ബൈപാസ് യാഥാർഥ്യമാകുന്നതോടെ ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട 90% ബുദ്ധിമുട്ടുകളും പരിഹരിക്കാൻ കഴിയുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാനനഗരിയിലേക്ക് ഉള്ള യാത്ര ഗതാഗതക്കുരുക്കിൽപ്പെടാതെ പെട്ടന്ന് എത്തിച്ചേരുന്നതിനും അതുവഴി സമയലാഭം ഉണ്ടാകുമെന്നും അടൂർ പ്രകാശ്‌ എം.പി അറിയിച്ചു. അന്തിമവിജ്ഞാപനം ആയതോടെ ബൈപാസ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അടൂർ പ്രകാശ് എം.പി അറിയിച്ചു.

എംഎൽഎയുടെ കുറിപ്പ് :

“ആറ്റിങ്ങൽ ബൈപാസിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനമായ 3D നോട്ടിഫിക്കേഷൻ ഇറങ്ങിയതായും, സ്ഥലം എം പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയതായും ഉള്ള വാർത്താകുറിപ്പ് സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുകയാണല്ലോ. എന്നാൽ ഇതിൻ്റെ യഥാർത്ഥ വസ്തുത എന്താണ് എന്നതിനെ സംബന്ധിച്ചുള്ള ഒരു വിവരണമാണ് ഞാൻ ഇവിടെ കുറിക്കുന്നത്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായാണ് ആറ്റിങ്ങൽ ബൈപാസും ഉൾപ്പെടുന്നത്. ആറ്റിങ്ങൽ മാമം വഴി കടമ്പാട്ടുകോണത്തേയ്ക്ക് കടന്നു പോകുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 31കിലോമീറ്ററാണ് ഇതിൻ്റെ ദൈർഘ്യം.17 കിലോമീറ്റർ മാമം മുതൽ കടമ്പാട്ടുകോണം വരേയും, 16 കിലോമീറ്റർ കഴക്കൂട്ടം മുതൽ മാമം വരേയും വരും. എം പി പറയുന്നത് മൂന്നു പ്രാവശ്യം ഇതിൻ്റെ നോട്ടിഫിക്കേഷൻ റദ്ദായി എന്നാണ്. എന്നാൽ രണ്ട് പ്രാവശ്യവും റദ്ദായത് കഴിഞ്ഞ യുഡിഎഫ് ഗവൺമെൻ്റിൻ്റെ ഭരണകാലത്തായിരുന്നു എന്ന വസ്തുത മറച്ചു വച്ചു കൊണ്ടാണ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഒരു നടപടിയും അക്കാലത്ത് സ്വീകരിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇടതുപക്ഷ ഗവൺമെൻ്റ് ആധികാരത്തിൽ വന്നതിനു ശേഷമാണ് ചേർത്തലവരെ നിശ്ചയിച്ചിരുന്ന പദ്ധതി കാസർഗോഡ് വരെ നീട്ടാൻ തീരുമാനിച്ചത്. അതോടെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പദ്ധതിയായി ഇത് മാറുകയായിരുന്നു. തുടർന്ന് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മുഖ്യമന്ത്രി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതിയുടെ വേഗം കൂട്ടാൻ നിർദ്ദേശം നൽകിയത് ഞാൻ ഈ സന്ദർഭത്തിൽ ഓർക്കുകയാണ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഭൂമിയ്ക്ക് വലിയ വില വർദ്ധനവുണ്ടെന്നും അതുകൊണ്ട് അകെ വിലയുടെ 25% സംസ്ഥാന ഗവൺമെൻറ് വഹിക്കണമെന്നും അന്ന് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടിരുന്നു.22000 കോടി രൂപയോളം വരും ആകെ സ്ഥലം എടുപ്പിൻ്റെ തുക. അതിൽ നാലിൽ ഒന്ന് തുക അടയ്ക്കണമെന്ന് സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടു.അത് കിഫ്ബി വഴി അടയ്ക്കാൻ ധാരണയായി. തുടർന്ന് കാസർഗോഡ് നിന്നും മലപ്പുറം വരെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു. ആദ്യ ഘട്ട സംസ്ഥാന വിഹിതമായ തുക അടയ്ക്കുകയും ചെയ്തു. 2018 മുതൽ ബിജു ഐ എ എസ് നെ യാണ് ഇതിൻ്റെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചിരുന്നത്. അദ്ദേഹം ഇതിനായി പ്രത്യേക തയ്യാറെടുപ്പുകളും നടത്തിവന്നു. 2019 ൽ സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കുന്നതിനായി സ്പെഷ്യൽ യുണിറ്റ് (LA) രൂപീകരിച്ചു.തുടർന്ന് 17 കിലോമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹസീൽദാരും 25 സർവേയർമാർ ഉൾപ്പടെ 31പേരടങ്ങുന്ന സംഘത്തെ ആറ്റിങ്ങലിൽ പ്രത്യേക സ്ഥലമെടുപ്പ് യൂണിറ്റായി ആരംഭിച്ചു. എം എൽ എ എന്ന നിലയിൽ എൻ്റെ ആവശ്യപ്രകാരം റവന്യൂ വകുപ്പ് മന്ത്രി പ്രത്യേക യോഗം വിളിക്കുകയും അദ്ദേഹത്തിൻ്റെ പ്രത്യേകമായുള്ള ഇടപെടലിൻ്റെ ഭാഗമായാണ് സ്പെഷ്യൽ യൂണിറ്റ് ആറ്റിങ്ങലിൽ വന്ന് സ്ഥലം ഏറ്റെടുക്കലിൻ്റെ നടപടികൾ വേഗത്തിലാക്കിയത്. അങ്ങനെയാണ് കഴക്കൂട്ടം മുതൽ മാമം വരേയും മാമം മുതൽ കടമ്പാട്ടുകോണം വരേയും സ്ഥലം ഏറ്റെടുപ്പ് നടപടികൾ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയായി വരുമ്പോഴാണ് ആറ്റിങ്ങൽ തിരു ആറാട്ടുകാവ് ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട വിഷയം കോടതിയിലാവുന്നത്. ഇത് കോടതി നിരീക്ഷണത്തിൽ തുടരുകയുമാണ്. അതൊഴികെ മറ്റ് തടസങ്ങളൊന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലവിലില്ല. സ്ഥലം ഏറ്റെടുപ്പുമായുള്ള എല്ലാ നടപടിക്രമങ്ങളും സംസ്ഥാന സർക്കാർ പൂർത്തിയാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് സ്പെഷ്യൽ സെക്രട്ടറി വഴി നടത്തി വരികയായിരുന്നു.മുഖ്യമന്ത്രി നേരിട്ട് സ്പെഷ്യൽ സെക്രട്ടറിയും ബന്ധപ്പെട്ടവരുമായി എല്ലാ മാസവും പ്രത്യേക അവലോകന യോഗം ചേർന്ന് വിലയിരുത്തിയതിൻ്റെ ഫലമാണ് നടപടികൾ അവസാനഘട്ടത്തിലേയ്ക്ക് എത്തിയത്. നടപടിക്രമങ്ങളുടെ അവസാനമായി പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്ന നോട്ടിഫിക്കേഷൻ ഇന്നലെ പുറപ്പെടുവിച്ച് കഴിഞ്ഞു.ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സ്ഥലം ഏറ്റെടുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ഓഫീസിൽ നിന്നും എന്നെ അറിയിക്കുകയുണ്ടായി. ഇനി ഇതുമായി ബന്ധപ്പെട്ട് 3G (സ്ഥലം വില നിശ്ചയിക്കൽ),3H (തുക വിതരണം) എന്നീ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. 2018 മാർച്ച് മുതൽ സംസ്ഥാനത്ത് അധികാരത്തിലുള്ള പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പദ്ധതിക്ക് വേണ്ട സ്ഥലം എടുപ്പിനാവശ്യമായ തുകയുടെ ഒരു വിഹിതവും നൽകി,സ്ഥലം ഏറ്റെടുക്കലിന് സ്പെഷ്യൽ ഓഫീസറെ നിയമിച്ച് സ്പെഷ്യൽ യൂണിറ്റ് രൂപീകരിച്ച് നടപടികൾ പൂർത്തിയാക്കിയതും പ്രകാരമാണ് ഇപ്പോൾ 3D നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ കഴിഞ്ഞതെന്നതാണ് വസ്തുത. ഒരു കൊല്ലം കൊണ്ട് നിലവിലെ എം പി ഇതെല്ലാം സാധിച്ചെടുത്തു എന്നു പറയുന്ന പാപ്പരത്തം നല്ലതല്ല. അങ്ങനെയുള്ള അവകാശവാദവും ഒരു ജനപ്രതിനിധിക്ക് യോജിച്ചതല്ല. നിലവിലുള്ള സംസ്ഥാന സർക്കാർ ചെയ്ത നടപടികൾ ഇദ്ദേഹം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ആയിരിക്കേ അന്ന് നടപ്പിലാക്കിയിരുന്നെങ്കിൽ ഇന്ന് ആറ്റിങ്ങൽ ബൈപാസിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുമായിരുന്നു. യാഥാർത്ഥ്യങ്ങൾ മൂടിവച്ച് അവകാശവാദം ഉന്നയിക്കുന്നത് ഒരു ജനപ്രതിനിധിയ്ക്ക് ചേർന്നതാണോ എന്ന് ജനം വിലയിരുത്തട്ടെ”

ബൈപാസ് നടപ്പിലാക്കുന്നതിന് മുൻപേ അവകാശ തർക്കങ്ങൾ ഉണ്ടായാൽ അത് ബൈപാസ് പദ്ധതിക്ക് തടസ്സം ഉണ്ടാകുമോ എന്നും പദ്ധതി ഇനിയും നീണ്ടുപോകുമോ എന്നും ജനങ്ങൾ സംശയിക്കുന്നു. കാരണം ബൈപാസ് ആറ്റിങ്ങലിന്റെ വർഷങ്ങളായുള്ള സ്വപ്നമാണ്.