ആറ്റിങ്ങലിൽ സ്രവ പരിശോധനയ്ക്കുള്ള സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പട്ടണത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് നഗരസഭയും ആരോഗ്യ വിഭാഗവും സംയുക്തമായി സെന്റിനിയൽ സർവ്വെ നടത്തിയത്. ഗവ. ടൗൺ യു.പി സ്കൂളിലാണ് രാവിലെ 10 മണി മുതൽ 12 മണി വരെ പരിശോധന സംഘടിപ്പിച്ചത്. നൂറ് പേരെയാണ് ആദ്യ ദിവസം ടെസ്റ്റ് ചെയ്തത്. ആയിരക്കണക്കിന് ആളുകൾ നിരന്തരം സന്ദർശനം നടത്തുന്ന നിരവധി സർക്കാർ ഓഫീസുകൾ നഗരത്തിൽ പ്രവർത്തിക്കുന്നു. അതിനാൽ കെ.എസ്.ഇ.ബി, പോലീസ്, താലൂക്കാഫീസ്, നഗരസഭ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും, കൂടാതെ പൊതുജനങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ, ചുമട്ട് തൊഴിലാളികൾ, കച്ചവടക്കാർ എന്നിവരെയുമാണ് ആദ്യ ഘട്ട പരിശോധനക്ക് വിധേയരാക്കിയതെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ ജി.എസ്. മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വെ സംഘടിപ്പിച്ചത്.