കൃഷി വകുപ്പിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് കർഷക ദിനം ആചരിക്കും

ആറ്റിങ്ങൽ: സംസ്ഥാന കൃഷി വകുപ്പിന്റെയും അറ്റിങ്ങൽ നഗരസഭയുടെയും ആഭിമുഖ്യത്തിൽ 17.08.2020 തിങ്കളാഴ്ച ചിങ്ങം ഒന്ന് രാവിലെ 10 മണിക്ക് കർഷക ദിനം ആചരിക്കും. ആറ്റിങ്ങൽ നഗരസഭാ കൃഷിഭവനിൽ വച്ച് നടക്കുന്ന പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിക്കും. തുടർന്ന് ഓൺലൈൻ കർഷക ദിന പരിപാടിയും, കാർഷിക പാഠശാലയും സംഘടിപ്പിക്കും.

ഒരു കോടി ഫലവൃക്ഷ തൈ വിതരണത്തിന്റെ ഭാഗമായി ഇനി ആർക്കെങ്കിലും തൈകൾ ആവശ്യമുണ്ടെങ്കിൽ ഉടനടി കൃഷി ഓഫീസുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ വി.എൽ. പ്രഭ അറിയിച്ചു. പ്ലാവ്, പേര, ഫാഷൻഫ്രൂട്ട്, മുരിങ്ങ, പപ്പായ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ ഈ മാസം 27 മുതൽ 30 വരെ ഓണ ചന്ത നഗരസഭാങ്കണത്തിൽ സംഘടിപ്പിക്കും. ഓണ ചന്തക്കാവശ്യമായ കാർഷിക ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാൾ 10 ശതമാനം അധികവിലക്ക് കർഷകരിൽ നിന്ന് ശേഖരിച്ച് ഇത് 20 ശതമാനം വില കുറച്ച് ജനങ്ങളിലെത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കൊവിഡ് 19 സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കൃഷി വകുപ്പ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. നഗരസഭാ കൗൺസിലർമാർ കുടുംബശ്രീ പ്രവർത്തകർ, വിവിധ കർഷക സംഘടനകൾ, കർഷക സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയവർ ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് കൃഷി അസി.ഡയറക്ടർ എ.നൗഷാദ് അറിയിച്ചു.