ആറ്റിങ്ങൽ നഗരസഭ 4-ാം വാർഡിൽ 22 കാരന് കൊവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: നഗരസഭ എൽ.എം.എസ് 4-ാം വാർഡിൽ ടി.ബി ജംഗ്ഷനിൽ ഹോമിയൊ ആശുപത്രിക്ക് സമീപം താമസിക്കുന്ന 22 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം കടുത്ത പനിയും തലവേദനയും വയറിളക്കവും ഛർദിയുമായി വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിയിരുന്നു. സ്രവ പരിശോധനക്കുള്ള സാങ്കേതിക തടസം മൂലം ഇയാളെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് വിട്ടു. പക്ഷേ ആശുപത്രിയിൽ പോകാതെ തിരികെ വീട്ടിലെത്തിയ ഇയാൾ രോഗം മൂർചിച്ചതോടെ ഇന്ന് ചിറയിൻകീഴ് ആശുപത്രിയിൽ അച്‌ഛനോടൊപ്പം എത്തി ആന്റിജൻ ടെസ്റ്റിന് വിധേയനായി. പരിശോധനയിൽ ഇയാൾക്ക് പൊസിറ്റിവും അച്ഛന് നെഗറ്റീവുമായിരുന്നു ഫലം. ഉടനെ ഇയാളെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. വീട്ടുകാർ കർശനമായ ഹോം ക്വാറന്റൈനിൽ കഴിയയണമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. നഗരസഭാ ആരോഗ്യവിഭാഗം ഇവരുടെ സമ്പർക്ക പട്ടിക ശേഖരിച്ചു. കൂടാതെ ഇയാൾ ജോലി ചെയ്തിരുന്ന ആറ്റിങ്ങലിലെ സ്ഥാപന ഉടമക്ക് കഴിഞ്ഞ ദിവസം പനിയും വയറിളക്കവും ഛർദിയും ഉണ്ടായിരുന്നതായി അന്വേഷണത്തിൽ മനസിലായെന്ന് ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ പറഞ്ഞു. ഇയാളെയും ഉടനെ പരിശോധനക്ക് വിധേയനാക്കും.

ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ ഹാസ്മി, അഭിനന്ദ്, ആശാവർക്കർ സജിത എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും വീടും പരിസരവും ഡിസ് ഇൻഫെക്ഷൻ ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു.