ആറ്റിങ്ങലിൽ ഒരു കുടുംബത്തിലെ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ചെറുവള്ളിമുക്ക് 22-ാം വാർഡിലെ വീട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ വീട്ടിലെ 27 കാരിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ 63 കാരനായ അച്ഛനും 53 കാരി അമ്മയും 23 കാരായ സഹോദരനും ഭാര്യക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഇവരെ വലിയകുന്ന് താലൂക്കാശുപത്രിയിൽ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കി എന്നാൽ പരിശോധനാ ഫലം നെഗറ്റിവായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ഇവരുടെ പി.സി.ആർ ടെസ്റ്ററ്റ് നടത്തുകയും ഇന്ന് ഉച്ചയോടെ പരിശോധന ഫലം പൊസിറ്റീവ് ആയതെന്നും സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു.

തുടർന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ നാല് പേരെയും 8 വയസുകാരിയായ ഇവരുടെ മകളേയും കടക്കാവൂരിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. 8 വയസുള്ള കുട്ടിയുടെ ഫലം നിലവിൽ നെഗറ്റീവാണ്. പക്ഷേ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് എല്ലാം രോഗം സ്ഥിരീകരിച്ചതിനാൽ കുട്ടിക്കും രോഗം വരാനുള്ള സാധ്യത ഏറെയാണ്. കൂടാതെ കഴിഞ്ഞ ദിവസം കുട്ടിക്ക് പൊള്ളലിലൂടെ ഉണ്ടായ മുറിവുകൾക്കുള്ള പരിചരണത്തിന്റെ ഭാഗമായും അമ്മയ്ക്ക് അരികിലേക്ക് കുട്ടിയെ മാറ്റുന്നതാണ് ഉചിതമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

ആറ്റിങ്ങലിലും പരിസരത്തുമായി ഓട്ടോ റിക്ഷ ഓടിക്കുകയാണ് 63 കാരനായ ഗൃഹനാഥൻ. അതിനാൽ ഇത്തരത്തിലൂടെയാവാം രോഗം ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇവരുടെ വീടിന് മുന്നിൽ പതിപ്പിച്ചിരുന്ന ജാഗ്രത നോട്ടീസ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായും കാണാൻ കഴിഞ്ഞു. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നഗരസഭയിലെ 22-ാം വാർഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, വാർഡ് കൗൺസിലർ ജി.തുളസീധരൻ പിളള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ൽ. ഹാസ്മി, അഭിനന്ദ്, വോളന്റിയർമാരായ സുഖിൽ, സന്തോഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർക്ക് ബോധവൽക്കരണം നടത്തി. നഗരസഭ ശുചീകരണ വിഭാഗം വീടും പരിസരവും അണുവിമുക്‌തമാക്കി.