ആറ്റിങ്ങലിൽ ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 3 പേർക്ക് പോസിറ്റീവ്: 2 പേർ ആറ്റിങ്ങൽ സ്വദേശികൾ, ഒരാൾ മുദാക്കൽ സ്വദേശി

ആറ്റിങ്ങൽ: ഗവ. ടൗൺ യു.പി സ്കൂളിൽ വച്ച് നഗരസഭ ആരോഗ്യ വിഭാഗം സംഘടിപ്പിച്ച സ്രവ പരിശോധനയിൽ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2 പേർ ആറ്റിങ്ങൽ നിവാസികളും ഒരാൾ മുദാക്കൽ സ്വദേശിയുമാണ്.

നഗരസഭ മൂന്ന്മുക്ക് 17-ാം വാർഡിൽ 35 കാരനും, ടൗൺ 26-ാം വാർഡിൽ 48കാരനും, മുദാക്കൽ സ്വദേശി 45 വയസുകാരനുമാണ് ആരോഗ്യവിഭാഗം നടത്തിയ ആന്റിജൻ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

രോഗബാധിതരായ രണ്ട് പേർ ആറ്റിങ്ങൽ ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. മൂന്നാമൻ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അകൗണ്ടന്റാണ്. ഇയാൾ ആഴ്ചകളായി വീട്ടിലിരുന്നാണ് ഓഫീസ് ജോലികൾ നോക്കിയിരുന്നത്. ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥർ ഈ മാസം 20, 21 തീയതികളിലാണ് അവസാനമായി ജോലി ചെയ്തത്. ഇവരുമായി ഒരാഴ്ചക്കുള്ളിൽ ഇടപാട് നടത്തിയിട്ടുള്ളവർ കർശനമായ ഹോം ക്വാറന്റൈനിൽ പോകണമെന്ന് ചെയർമാൻ എം.പ്രദീപ് നിർദ്ദേശിച്ചു. കൂടാതെ നഗരസഭാ ആരോഗ്യവിഭാഗം ഇവരുടെ സമ്പർക്ക പട്ടിക ശേഖരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

നഗരത്തിലെ വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ലോട്ടറി കച്ചവടക്കാർ, ചുമട്ട്തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയ തൊഴിൽ മേഖലകളിലെ 100 പേരെയാണ് പരിശോധിച്ചത്. ഇത്തരത്തിലുള്ള പരിശോധനകൾ നഗരസഭ പട്ടണത്തിൽ തുടർന്നും വ്യാപകമായി സംഘടിപ്പിക്കും. ഓണക്കാലത്ത് ജനത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യം കഴിവതും ഒരോരുത്തരും ഒഴിവാക്കിയാൽ മാത്രമെ രോഗവ്യാപനത്തെ ചെറുത്ത് തോൽപ്പിക്കുവാൻ സാധിക്കു എന്നും ചെയർമാൻ അറിയിച്ചു.

സർവ്വെ ഇൻചാർജ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എസ്.മഞ്ചു, ഡോക്ടർമാരായ സരിഗ, ഗോവിന്ദ്, ലാബ് ടെക്നീഷ്യൻ സുമ, നഴ്സ്മാരായ ശിവകിരൺ, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘമാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം സ്കൂളും പരിസരവും അണുവിമുക്തമാക്കി.