ആറ്റിങ്ങലിൽ ഡിവൈഎസ്പിക്കും പോലീസുകാർക്കും കോവിഡ്, വിവരങ്ങൾ ഇങ്ങനെ..

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും ഓഫീസില്‍ ജോലിചെയ്യുന്ന രണ്ട് എസ്.ഐമാരുള്‍പ്പെടെ എട്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് എ.എസ്.ഐ.മാര്‍, രണ്ട് വനിതാപോലീസുകാര്‍, രണ്ട് സിവില്‍പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുജീവനക്കാര്‍. ഇവരോട് പ്രാഥമികഘട്ട ചികിത്സാകേന്ദ്രത്തിലേയ്ക്ക് മാറാന്‍ ആരോഗ്യവകുപ്പില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടസാധ്യത കൂടിയ രംഗങ്ങളില്‍ ജോലിയെടുക്കുന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ജൂലായ് 30-ന് ഡി.വൈ.എസ്.പി. ഉള്‍പ്പെടെ പോലീസ് വിഭാഗത്തില്‍നിന്നുള്ള 33 പേര്‍ പരിശോധനയ്ക്ക് വിധേയരായത്. ഇവരെല്ലാം പരിശോധനയ്ക്ക് വിധേയരായത്. ഞായറാഴ്ചയാണ് ഇവരുടെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് ആരോഗ്യവകുപ്പധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രാഥമികഘട്ട ചികിത്സാകേന്ദ്രത്തിലേയ്ക്ക് മാറാന്‍ തയ്യാറെടുക്കണമെന്നുമാണ് അറിയിച്ചിട്ടുള്ളത്.

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.യുടെ ചുമതല ഡി.വൈ.എസ്.പി. ദിനരാജിന് കൈമാറിയതായി റൂറല്‍ എസ്.പി. ബി.അശോകന്‍ അറിയിച്ചു.
ഡി.വൈ.എസ്.പി.യോടൊപ്പം വേദിപങ്കിട്ടതിനെത്തുടര്‍ന്ന് ബി.സത്യന്‍ എം.എല്‍.എ, ചിറയിന്‍കീഴ് തഹസീല്‍ദാര്‍ ആര്‍.മനോജ് എന്നിവര്‍ സ്വയം ഗൃഹനിരീക്ഷണത്തില്‍പ്പോയി. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തോഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് ഇവര്‍ നിരീക്ഷണത്തില്‍പ്പോയത്.