അയിലത്ത് ജനവാസ മേഖലയിൽ വലിയ തോതിൽ അഴുകിയ മത്സ്യം തള്ളി, നാട്ടുകാർ കത്തിച്ചു

മുദാക്കൽ : മുദാക്കൽ പഞ്ചായത്ത്‌ 4ആം വാർഡിൽ അയിലം വാസുദേവപുരത്ത് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ അഴുകിയ മത്സ്യം തള്ളി. വ്യാഴാഴ്ച രാത്രിയാണ് ഇവിടെ മത്സ്യം തള്ളിയത്. തുടർന്ന് വെള്ളിയാഴ്ച നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. രൂക്ഷമായ ദുർഗന്ധം കാരണം അത്യാവശ്യ കാര്യങ്ങൾക്ക് പോലും നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. കൊച്ചു കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്താണ് ഇങ്ങനെ ഒരു സാമൂഹിക വിരുദ്ധ പ്രവർത്തി നടന്നത്.

വീടുകളിൽ കഴിയുന്നവർ വാതിലും ജനലും എല്ലാം അടച്ചിട്ടും ദുർഗന്ധം കാരണം ആളുകൾ ആകെ ബുദ്ധിമുട്ടിലായി. മാത്രമല്ല, രോഗങ്ങൾ പിടിപെടുമോ എന്ന ഭയവും ജനങ്ങളിലുണ്ടായി. അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ അവസാനം നാട്ടുകാർ തന്നെ പെട്രോൾ ഒഴിച്ച് മത്സ്യം കത്തിച്ചു. ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.