അയ്യപ്പൻ സ്മാരക വീഥി നാടിനു സമർപ്പിച്ചു..

നെടുമങ്ങാട് :നെടുമങ്ങാട് നഗരത്തിൽ ജനിച്ചു വളർന്ന കവി അയ്യപ്പൻ്റെ സ്മരണാർത്ഥം നെടുമങ്ങാട് നഗരസഭ സജ്ജീകരിച്ച അയ്യപ്പൻ സ്മാരക വീഥി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിച്ചു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിലായാണ് വീഥി നിർമ്മിച്ചിരിക്കുന്നത്. നഗരസഭാ പ്രദേശത്ത് എല്ലാ സ്കൂളിലും പൊതുവായി 35 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കമാനത്തോടൊപ്പമാണ് അയപ്പൻ വീഥിയുടെ നിർമ്മാണവും നടത്തിയിരിക്കുന്നത്. മതിലിനോടു ചേർന്ന് മനോഹരമായ ചിത്രരചനകളും യോഗവേദിയും വീഥിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നെടുമങ്ങാട് ടൗൺ എൽ.പി.എസിലെ പൂർവ്വ വിദ്യാർത്ഥിയാണ് കവി അയ്യപ്പൻ.