
ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ 2020/21 സാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി 27 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.
ഭൂരഹിത – ഭവന രഹിതർക്കായി മുട്ടപ്പലം ചുവടി മുക്കിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് 4 കോടി 40 ലക്ഷം രൂപയുടെയും കൂടാതെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയുള്ള ഭവന രഹിതർക്കായി വീട് നിർമ്മിക്കുന്നതിന് ജനറൽ വിഭാഗത്തിന് 2 കോടി രൂപയും പട്ടികജാതി വിഭാഗത്തിന് 2 കോടി 64 ലക്ഷം രൂപയും ഭൂരഹിത ഭവന രഹിതർക്ക് ഭൂമി വാങ്ങുന്നതിനായി ജനറൽ വിഭാഗത്തിന് ഒരു കോടി രുപയും പട്ടികജാതി വിഭാഗത്തിന് ഒരു കോടി നാൽപ്പത്തി ഏട്ട് ലക്ഷം രൂപയും പഞ്ചായത്തിൽ സമ്പൂർണ്ണ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ത്തി 92 ലക്ഷം രൂപയും കാർഷിക മേഖലയിൽ ഒരു കോടി 65 ലക്ഷം രൂപയും മൃഗസംരക്ഷണം -ക്ഷിര വികസനത്തിന് 80 ലക്ഷം രൂപയും ആരോഗ്യ മേഖലയിൽ 72 ലക്ഷം രൂപയും തെരുവ് വിളക്ക് പരിപാലനത്തിന് 39 ലക്ഷം രൂപയും ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾക്കായി 76 ലക്ഷം രൂപയും റോഡുകളുടെ നവീകരണത്തിന് രണ്ടര കോടി രൂപയും ഉൾപ്പെടെ 25 കോടി 27 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലീമും സെക്രട്ടറി വി.സുബിനും അറിയിച്ചു.