ചെറുവള്ളിമുക്ക് പ്രദേശത്ത് ബി.എസ്.എൻ.എൽ. സേവനം തടസ്സപ്പെടുന്നതായി പരാതി

ആറ്റിങ്ങൽ നഗരസഭ പരിധിയിലുള്ള ചെറുവള്ളിമുക്കിലും പരിസരങ്ങളിലും ബി.എസ്.എൻ.എൽ സേവനം മാസങ്ങളായി ലഭിക്കുന്നില്ലെന്ന് പരാതി. ചെറുവള്ളിമുക്ക്, കൊടുമൺ, പുരവൂർ, കിഴുവിലം മേഖലകളിലാണ് സേവനങ്ങൾ ലഭ്യമാകാത്തത്. ചെറുവള്ളിമുക്കിൽ സ്ഥിതി ചെയ്യുന്ന ടവർ പ്രവർത്തനരഹിതമായതാണ് തടസ്സത്തിനു കാരണമെന്നാണ് പറയപ്പെടുന്നത്.ഇതിന്റെ ഫലമായി നെറ്റ് സംവിധാനം പൂർണ്ണമായും തകരാറിലാണ്. കോളുകൾ കണ്ടക്ടാവാൻ പ്രയാസമാണ്. കണക്ഷൻ ലഭിച്ചാൽ പാതിയിൽ കട്ടാവുന്നതും പതിവാണ്.
ഈ ടവർ രണ്ട് മാസമായി ഏതാണ്ട് പൂർണ്ണമായും പ്രവർത്തനരഹിതമാണ്. തൊഴിലാളികളില്ലാത്തതിനാൽ ടവറിന്റെ അറ്റകുറ്റപ്പണികൾ നടത്താനാകുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്.കരാർ തൊഴിലാളികളുടെ പിരിച്ചുവിടലാണ് കാരണമെന്ന് അറിയുന്നു. മാസങ്ങളായി കണക്ഷൻ കിട്ടാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനവും ബുദ്ധിമുട്ടിലായി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി പേരാണ് മേഖലയിൽ ബി.എസ്.എൻ.എൽ സേവനം ഉപേക്ഷിച്ച് മറ്റ് നെറ്റുവർക്കുകളുടെ സഹായം നേടിയത്. വലിയ ഒരു പ്രദേശത്ത് മാസങ്ങളായുള്ള സേവന തടസ്സം നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.