കോവിഡിനെതിരെ പൊരുതുന്നവർക്ക് സഹായവുമായി ഓട്ടോഡ്രൈവർ

ചിറയിൻകീഴ്: കോവിഡ് രോഗം പിടിമുറുക്കിയ അഞ്ചുതെങ്ങിലെ കുടുംബങ്ങൾക്ക് സാന്ത്വനമായി ഓട്ടോ ഡ്രൈവർ. അഞ്ചുതെങ്ങ് മാമ്പള്ളിയിലെ 50 പാവപ്പെട്ട കുടുംബങ്ങൾക്കാണ് മേൽകടയ്ക്കാവൂർ സ്റ്റാലിൻ ജംഗ്ഷനിൽ ‘സൂര്യദേവൻ’ എന്ന ഓട്ടോയിലെ ഡ്രൈവറായ മേൽകടയ്ക്കാവൂർ ഇരുപറയിൽ വീട്ടിൽ അനിൽകുമാർ പച്ചക്കറികൾ എത്തിച്ചുനൽകിയത്. അഞ്ചുതെങ്ങിൽ പിടിമുറുക്കിയ കോവിഡ് ഭീതിക്കും കടൽക്ഷോഭവും കാലവർഷവും മൂലം ഇരുട്ടടിയിലായ പാവപ്പെട്ടവർക്ക് ആശ്വാസമായി. ”കോമ്രേഡ്” എന്ന വാട്സ്അപ്പ് കൂട്ടായ്മയുടെയും മേൽകടയ്ക്കാവൂർ നിവാസികളുടെയും സഹായത്തോടെയാണ് പച്ചക്കറി വിതരണം ചെയ് തത്. അഞ്ചുതെങ്ങിൽ കോവിഡ് വ്യാപനത്തിൻ്റെ തീവ്രത കണക്കിലെടുത്ത് കണ്ടെയ് മെൻ്റ് സോൺ ആയി പ്രഖ്യാപിച്ചപ്പോൾ കോവിഡ് ബാധിച്ച അഞ്ചുതെങ്ങ് നിവാസികളുടെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്യുക എന്നത് അനിൽകുമാറിൻ്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നു. കോവിഡ് മൂലം വഴിയോരങ്ങളിൽ ഒറ്റപ്പെട്ട അനാഥർക്ക് ദിവസേന ഭക്ഷണവും കൂടാതെ വസ്ത്രവും നൽകി അനിൽകുമാർ മാതൃകയായിരുന്നു. സി.പി.ഐ എം മേൽകടയ്ക്കാവൂർ ബ്രാഞ്ച് അംഗമാണ് അനിൽകുമാർ.