കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന് ആനാട് ആയുർവേദ ആശുപത്രിയും ആയുഷ് വകുപ്പും..

ആനാട് :ആനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന് ആനാട് ആയുർവേദ ആശുപത്രിയും ആയുഷ് വകുപ്പും. കോവിഡ് 19 രോഗ പ്രതിരോധത്തിനായി ആയുഷ് വകുപ്പിന് കീഴിൽ വരുന്ന സംസ്ഥാനത്തെ എല്ലാ ആയുർവേദ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഏപ്രിൽ മാസം മുതൽ ആയുർരക്ഷാ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിൽ പ്രകാരം 60 വയസ്സിനു മുകളിലുള്ളവർക്കായി സുഖായുഷ്യം പദ്ധതി പ്രകാരം 1850 പേർക്ക് പ്രതിരോധ മരുന്ന് നൽകി. 60 വയസ്സിനു താഴെയുള്ളവർക്കായുള്ള സ്വാസ്ഥ്യം പദ്ധതി പ്രകാരം2012 പേർക്കും പ്രതിരോധ മരുന്ന് നൽകി.

കോറന്റൈനിൽ ഉള്ളവർക്ക് വേണ്ടിയുള്ള അമൃതം പദ്ധതി അനുസരിച്ച് പ്രതിരോധ മരുന്നുകളും നൽകി വരുന്നു. ഇത് കൂടാതെ പഞ്ചായത്തിലെ എല്ലാ വീടുകളിലും അനുണശീകരണത്തിനായി പുകയ്ക്കുന്നതിനു അപരാജിത ധൂമ ചൂർണ്ണം വിതരണം ചെയ്തു വരുന്നു. അമൃതം പദ്ധതി മരുന്നുകൾ നിശ്ചിത മാതൃകയിലുള്ള സമ്മത പത്രം ലഭിച്ചതിനു ശേഷം വാർഡ് മെമ്പർ/ ആശ വർക്കർ/ ബൈസ്റ്റാൻഡർ മുഖേനയാണ് നൽകി വരുന്നത്. ഈ പദ്ധതി പ്രകാരം മരുന്നു നൽകിയവർകാർക്കും കോവിഡ് 19 രോഗം വന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എൻ ശൈലജ ദേവി അറിയിച്ചു. ആനാട് പഞ്ചായത്തിൽ അമൃതം പദ്ധതി പ്രകാരമുള്ള മരുന്നുകൾ മെഡിക്കൽ ഓഫീസർ ഡോ. എൻ ശൈലജ ദേവിയിൽ നിന്നും വിതരണത്തിനായി ആനാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ ഏറ്റുവാങ്ങി.