കൊറോണ പിടിമുറുക്കുമ്പോൾ നാട്ടിൽ ഉദ്ഘാടന മഹോത്സവങ്ങൾ

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 2333 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതിൽ തന്നെ സമ്പർക്ക രോഗികളാണ് കൂടുതലും. തിരുവനന്തപുരം ജില്ലയിലെ രോഗികളുടെ എണ്ണവും കുറവല്ല. സമ്പർക്ക രോഗികൾ കൂടുമ്പോഴും സാമൂഹിക അകാലമോ ആൾക്കൂട്ടമോ ഒഴിവാക്കാൻ ആളുകൾ തയ്യാറാകുന്നില്ല. മരണവീട്ടിലും കല്യാണ വീട്ടിലും ആൾകൂട്ടം ഉണ്ടായാൽ നടപടി എടുക്കുമെന്നും അത്തരം ചടങ്ങുകൾ പോലീസിനെ അറിയിക്കണമെന്നുള്ള നിർദേശങ്ങളും നിലനിൽക്കുമ്പോൾ റോഡിൽ ആളുകളുടെ കൂട്ടമാണ്.

സമ്പൂർണ ലോക്ക് ഡൗൺ മാറി ഇളവുകൾ പ്രഖ്യാപിച്ചതോടെ കോറോണയോടുള്ള ജാഗ്രതയുടെ അളവിലും കുറവ് വരുന്ന കാഴ്ചകളാണ് കാണുന്നത്. ആറ്റിങ്ങലിലും വെഞ്ഞാറമൂട്ടിലുമൊക്കെ പുതുതായി ആരംഭിച്ച സ്ഥാപനങ്ങളിൽ ഉണ്ടായ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ ചോദ്യം ചെയ്യപ്പെടേണതാണെന്ന് പൊതുജനം പറയുന്നു. അതും ജനപ്രതിനിധികളാണ് ഉദ്ഘാടനം നടത്തുന്നതെന്നും. കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കേണ്ട സമയം കൂടിയാണിത്. ചില സ്ഥലങ്ങളിൽ മാതൃകാപരമായി ഇത്തരം പരിപാടികൾ നടത്തുന്നവരുമുണ്ട്. എന്നാൽ എല്ലാവരും ഒരുമിച്ചു ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ കോവിഡ് പ്രതിരോധം ഫലം കാണുകയുള്ളു.

ജില്ലാ കളക്ടർ ഇത്തരം വിഷയം ഗൗരവത്തോടെ കണ്ട് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.