കോവിഡ് ബാധിച്ച് മരിച്ച പാപ്പാല സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ച പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പാപ്പാല സ്വദേശി വിജയകുമാറിൻ്റെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം കാനാറയിലെ സമത്വതീരം വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു. ഏറെ നാളായി ആരോഗ്യ പ്രശ്നത്തെ തുടർന്ന് വിജയകുമാർ വീട്ടിൽ കിടപ്പിലായിരുന്നു. മകന് കോവിഡ് പോസിറ്റീവാകുകയും സമ്പർക്കത്തിലൂടെ ഇദ്ദേഹത്തിന് രോഗം പകരുകയും മെഡിക്കൽ കോളേജിൽ പ്രവേശിക്കുകയുമായിരുന്നു. മകൻ ഉൾപ്പെടെ കോവിഡ് ചികിൽസയിലായിരുന്നതിനാൽ ഭൗതിക ശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുന്നതിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കിളിമാനൂരിലെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ പ്രവർത്തകർ സന്നദ്ധരായി മുന്നോട്ട് വരികയായിരുന്നു.

ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് സെക്രട്ടറി ജിനേഷ്, ട്രഷറർ രജിത്ത് നഗരൂർ, പഴയകുന്നുമ്മേൽ മേഖലാ സെക്രട്ടറി ആദിൽ മുഹമ്മദ് എന്നിവർ പി പി കിറ്റണിഞ്ഞ് മെഡിക്കൽ കോളേജിൽ നിന്നും ഭൗതികശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം കാനാറയിലെ ശ്മശാന ത്തിൽ കൊണ്ടുവന്ന്‌ സംസ്കരിച്ചത്. ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിൽ ഈ കർത്തവ്യം ഏറ്റെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉദ്യമം സമൂഹത്തിന് മാതൃകയാണ്.

ഇവരെ അഭിനന്ദിക്കുകയാണെന്ന് അഡ്വ ബി സത്യൻ എംഎൽഎ പറഞ്ഞു.ഇവരുടെ ഈ മാതൃകാ പ്രവർത്തനം മറ്റുള്ളവർക്കും ഒരു പ്രചോദനമാകുമെന്ന് പ്രത്യാശിക്കുന്നതായും ഇവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകാൻ കഴിഞ്ഞതിൽ എനിക്കും ചാരിതാർത്ഥ്യമുണ്ടെന്നും എംഎൽഎ അറിയിച്ചു.