2 കാട്ടുപന്നികളെ വനംവകുപ്പ്‌ അധികൃതർ വെടിവച്ചുകൊന്നു.

വിതുര : കൃഷിയിടത്തിനും കർഷകരുടെ ജീവനും ഭീഷണിയായ 2 കാട്ടുപന്നികളെ വനംവകുപ്പ്‌ അധികൃതർ വെടിവച്ചുകൊന്നു. കാട്ടുപന്നിശല്യം രൂക്ഷമായ വിതുരയിലെ കൊപ്പം, പൊന്നാംചുണ്ട് എന്നിവിടങ്ങളിലാണ്‌ രണ്ട് ആൺപന്നികളെ ഡിഎഫ്‌ഒയുടെ നിർദേശപ്രകാരം വെടിവച്ച്‌ കൊന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമാനും റേഞ്ചർ കൺവീനറുമായ ജനജാഗ്രത സമിതിയുടെ ശുപാര്‍ശയിലാണ്‌ ഡിഎഫ്‌ഒ വെടിവയ്‌ക്കാൻ ഉത്തരവിട്ടത്‌.
വനംവകുപ്പ്‌ എംപാനൽ ചെയ്‌ത ഷാർപ്‌ ഷൂട്ടർമാർ അഡ്വ. എം അനിരുദ്ധ് കൗശിക്, എം അനി എന്നിവര്‍ കൃഷിയിടത്തിൽ രാത്രി തങ്ങിയാണ്‌ കാട്ടുപന്നിയെ വകവരുത്തിയത്‌. കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ പിടികൂടാനുള്ള നിയമപ്രകാരമാണ്‌ സംസ്ഥാനത്ത്‌ പദ്ധതി നടപ്പാക്കുന്നത്‌. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം പന്നികളുടെ ജഢം മറവ്‌ ചെയ്‌തു. ആദ്യദിനം സ്ക്വാഡിനു മുന്നിൽ ഒരു അമ്മപ്പന്നിയും മൂന്ന് കുഞ്ഞുങ്ങളും അകപ്പെട്ടെങ്കിലും ഒഴിവാക്കി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ കൊപ്പം കരിമ്പനടിയിലെ കൃഷിയിടത്തിൽനിന്നും ശനിയാഴ്ച രാത്രി പൊന്നാംചുണ്ടിൽ നിന്നുമാണ് പന്നികളെ വെടിവച്ചിട്ടത്. പൊന്നാംചുണ്ട്‌, ശിവൻകോവിൽ, ചിറ്റാർ എന്നിവിടങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളിലെ കാട്ടുപന്നികളെ വെടിവയ്‌ക്കാനുള്ള ഉത്തരവേ നിലവിലുള്ളൂ.
വെടിവയ്‌ക്കാന്‍ ലൈസൻസ്‌
5 പേർക്കുമാത്രം
കാട്ടുപന്നികളെ വെടിവയ്‌ക്കാൻ ഫോറസ്‌റ്റ്‌ ഗാർഡ്‌മാർക്കു പുറമെ അധികാരം ജില്ലയിൽ അഞ്ച്‌ പേർക്കു‌മാത്രം. ലൈസൻസുള്ള തോക്കുള്ള ഷാർപ്പ്‌ ഷൂട്ടർമാരെയാണ്‌ വനംവകുപ്പ്‌ തെരഞ്ഞെടുക്കുക. കാട്ടുപന്നിയുടെ നെറ്റിയിൽ വെടി കൊണ്ടില്ലെങ്കിൽ അവ രക്ഷപ്പെടുകയും പോകുന്നവഴിയിൽ വലിയ നാശം ഉണ്ടാക്കുകയും ചെയ്യും. ഇത്‌ ഒഴിവാക്കാനാണ്‌ ഷാർപ്പ്‌ ഷൂട്ടർമാരെ നിയോഗിക്കുന്നത്‌. കൂടുതൽപേർ വന്നാൽ ലിസ്‌റ്റ്‌ പുതുക്കുമെന്നും ഡിഎഫ്‌ഒ അറിയിച്ചു.