സ്വതന്ത്ര ഇന്ത്യ ഓർമ്മപ്പെടുത്തുന്നത്: രാധാകൃഷണൻ കുന്നുംപുറം

നിരാശ തോന്നുമ്പോൾ ഞാൻ ചരിത്രത്തിലൂടെ ഏത് രീതിയിലാണ് സത്യവും സ്നേഹവും എല്ലായ്പ്പോഴും വിജയം നേടിയതെന്ന് ചിന്തിക്കും ” :
ഗാന്ധിജി

ഇന്ത്യയുടെ ജനാധിപത്യം എഴുപത്തിനാലാണ്ട് തികയുമ്പോൾ രാഷ്ട്രപിതാവിന്റെ വാക്കുകൾക്ക് പ്രസക്തി ഏറുകയാണ്. ഏത് പ്രതികൂല പുതിയ ജീവിതാവസ്ഥയിലും പുതിയ തലമുറക്ക് പഴയകാലങ്ങളിൽനിന്നും ചിലത് പഠിക്കാനുണ്ട്. ചരിത്രം, രോഗദാരിദ്ര പീഢനങ്ങളെ മറികടന്നാണ് യാത്ര തുടരുന്നുത്. പ്രതിസന്ധിഘട്ടങ്ങളിൽ ചരിത്രത്തിൽ നിന്നും പലതും പഠിക്കാനാകും. സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനകാലത്തിനും ചരിത്രത്തിൽ നിന്നും പല ശരികൾ കണ്ടെത്താം. 1947 ലെ അധികാര കൈമാറ്റം ഇന്ത്യക്കാരുടെ സ്വപ്നങ്ങളുടെ കൈമാറ്റമായിരുന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ ജവർലാൽനെഹറു ജനതയോട് പറഞ്ഞത് ആ ഭാവി സ്വപ്നങ്ങളെ കുറിച്ചായിരുന്നു.
” ഇന്ത്യയും ഇന്ത്യയിലെ ജനകോടികളും പുതിയ ഒരു പ്രഭാതത്തിലേക്ക് ഉണർന്നെഴുന്നേൽക്കുന്നു. “സ്വതന്ത്ര ഇന്ത്യയുടെ സങ്കല്പങ്ങളിലേക്കുള്ള യാത്രയിൽ നമുക്ക് എന്നും കരുത്ത് പകർന്നത് നമ്മുടെ രാജ്യത്തിന്റെ
” നാനാത്ത്വത്തിലെ ഏകത്ത്വ “വും മതേതരത്ത്വവുമായിരുന്നു. അവയെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓരോ സ്വാതന്ത്ര്യദിനവും ഓർമ്മപ്പെടുത്തുന്നു.കാരണം വൈവിദ്ധ്യങ്ങളുടെ ഇന്ത്യയിൽ മതേതരത്ത്വവും സഹിഷ്ണുതയും നമ്മുടെ ശക്തി ചൈതന്യങ്ങളായി എന്നും നിലകൊള്ളുന്നു.

ഇന്ത്യ ലോകത്തിനു നൽകിയ സന്ദേശം സഹിഷ്ണുതയാണ്. ക്ഷമയുടെയും ത്യാഗത്തിന്റെയും വലിയ പാഠങ്ങൾ. നമ്മുടെ മണ്ണിലേക്ക് കടന്നുവന്ന മനുഷ്യനന്മകളെ ഒക്കെ നാം സ്വീകരിച്ചു. നമ്മുടെ സംസ്ക്കാരത്തിന്റെ നന്മകൾ അവർക്ക് തിരികെ നൽകി. മത,രാഷ്ട്ര, ദേശ ഭേദങ്ങൾ നമുക്ക് തടസ്സമായില്ല. അത്തരത്തിൽ പലവഴികളിലൂടെ രൂപപ്പെട്ട വൈവിധ്യങ്ങളുടെ സമ്പന്നതയാണ് ഇന്ത്യയെ നയിക്കുന്നത്.വ്യത്യസ്തതകളെ ഒരുമിച്ചു ചേർത്ത് നാം അതിനെ ഒരു പുതിയ നാഗരികതയാക്കി മാറ്റി.സ്വാതന്ത്ര്യ സമരകാലത്ത് ആ ഐക്യം വിദേശധിപത്യത്തിനെതിരെ പോരാടാനുള്ള ശക്തിയായി.ഗാന്ധിജി എന്ന അപൂർവ്വ മനുഷ്യനാണ് ഇന്ത്യൻ വൈവിധ്യങ്ങളെ സ്വാതന്ത്ര്യം എന്നഒറ്റചരടിൽകോർത്തിണക്കിയത്.മതബോധത്തെ മനുഷ്യസ്നേഹവും സ്വാതന്ത്യവുമായി അദ്ദേഹം കൂട്ടിയിണക്കി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ലോകമാകെയുള്ള ആധിപത്യത്തിന്റെ അടിവേരിളക്കിയ സമരമായിരുന്നു ഇന്ത്യൻ സ്വാതന്ത്യ സമരം. ഭേദചിന്തയില്ലാത്ത കൂട്ടായ്മയായിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ കരുത്ത്. ലോകത്തെ ഏറ്റവും വലിയ അധികാരശക്തിക്കു മുന്നിൽ ഇന്ത്യൻ ജനതയെ ഒരുമിച്ചു നയിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ഇന്ത്യയുടെ ഭാവിയെ കുറിച്ച് പത്രപ്രവർത്തകൻ ശ്രീകാന്ത് കോട്ടയ്ക്കലിന്റെ ഒരു ചോദ്യത്തിന് ” ഒറ്റ ഗാന്ധിജിയിൽ ഇന്ത്യ എന്നും നിലനിൽക്കു”മെന്ന് ജറാൾഡ് റസ്സൽ എന്നലോകപ്രശസ്ത പത്രപവർത്തകൻ പറഞ്ഞത്. എല്ലാ കാലുഷ്യങ്ങളെയും കലാപങ്ങളെയും മറികടക്കാൻ ഗാന്ധിജിയിലേക്ക് രാജ്യം മടങ്ങേണ്ടതുണ്ട്. ഈ സ്വാതന്ത്ര്യദിനം അത് നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്നു.


“ചരിത്രത്തിൽ ഇല്ലാത്തവർ ” എന്ന പേരിൽ ഒരു നോവൽ ബംഗാളി സാഹിത്യകാരനായ ബിമൽമിത്ര രചിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം ചരിത്രത്തിൽ ഉള്ളവരേക്കാൾ ചരിത്രത്തിൽ ഇല്ലാത്തവരുടേത് കൂടിയാണെന്ന് ആ നോവലിന്റെ പേര് ഓർമ്മപ്പെടുത്തുന്നു. അറിയപ്പെടാത്ത എത്രയോ മനുഷ്യരുടെ ജീവത്യാഗം കൂടിയാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. അതു കൊണ്ടുതന്നെ മാറിനിന്നവർ ഉടമകളും പങ്കെടുത്തവർ അടിമകളുമാകുന്ന കാലം സൃഷ്ടിക്കപ്പെടരുത്. പൊരുതി വീണ മനുഷ്യർ ഉയർത്തിപ്പിടിച്ച സ്വാതന്ത്ര്യ സങ്കല്പങ്ങളെ പുതിയ തലമുറ മറന്നു പോകരുത്. ഇന്ത്യയുടെ ആത്മാവ് സ്നേഹത്തിന്റേതും സഹനത്തിന്റേതുമാണ്. ” യത്ര ലോകം ഭവത് ഏക നീഢം” എന്ന് യജുർവേദം ഓർമ്മപ്പെടുത്തി. ഒരു പക്ഷി കൂട്ടിലെന്ന പോലെ നാം ഇവിടെ ഒത്തുചേർന്നു ജീവിക്കുന്നു എന്ന സന്ദേശമാണത്. ഓരോ സ്വാതന്ത്ര്യ ദിനത്തിലും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ സന്ദേശം നമ്മൾ ഓർത്തെടുക്കേണ്ടതാണ്.

ഓരോ സ്വാതന്ത്ര്യ ദിനവും ഇന്ത്യാക്കാരന് മഹത്തായ ഒരു സംസ്ക്കാരത്തിന്റെ സംരക്ഷണ ദിനം കൂടിയാണ്. ലോകത്തു മറ്റൊരിടത്തും കാണാത്ത വേറിട്ട ജീവിതമാണ് ഇന്ത്യൻ മണ്ണിന്റെ സവിശേഷത. ആചാരം, അനുഷ്ഠാനം, ഭക്ഷണം, വസ്ത്രധാരണം, ഭൂപ്രകൃതി, കാലാവസ്ഥ എന്നിങ്ങനെ ഒക്കെയും ഇന്ത്യൻ മണ്ണിൽ വേറിട്ടു നിൽക്കുന്നു.ലോകത്ത് ഇത്രയേറെ വൈവിധ്യങ്ങളുള്ള ഒരു രാജ്യം മറ്റൊന്നും ഇല്ല തന്നെ. നമ്മുടെ ഈ വൈവിധ്യത്തെ ശക്തിയാക്കി മാറ്റാൻ കഴിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ. വരും നാളുകളിലും നമുക്കതിന് കഴിയേണ്ടതുണ്ട്. സ്വാതന്ത്രു ദിനങ്ങൾ അത്തരം ചിന്തകൾ ബലപ്പെടുത്തുന്നു.അതു വഴി നമ്മുടെ ജന്മനാടിന്റെ ഭാവി ഭാഗധേയത്തിൽ നമ്മൾ കാവൽക്കാരാകുന്നു. പിറന്ന നാടിനെ പെറ്റമ്മയെപ്പോലെ സ്നേഹിക്കുന്ന ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സങ്കല്പങ്ങൾ കൂടുതൽ വർണ്ണങ്ങൾ വാരിവിതറുകയാണ് ഈ സ്വാതന്ത്ര്യ ദിനത്തിലും.

…ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ…