കോവിഡ് പ്രതിസന്ധിഘട്ടത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി “കടയ്ക്കാവൂർ കൂട്ടുകാർ”

മാതൃകാപരവും സമൂഹനന്മ ലക്ഷ്യംവെച്ചുള്ളതുമായ പരിപാടികളിലും കനിവാർന്ന ജീവകാരുണ്യ പ്രവർത്തികളിലും സദാ മുഴുകുന്ന കടയ്ക്കാവൂർ കൂട്ടുകാർ ഫേസ്ബുക്ക് ആൻഡ് വാട്സാപ്പ് കൂട്ടായ്മ കോവിഡ് കാലത്തും മുന്നോട്ടുതന്നെ. കോവിഡ് സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധിയെ വകവെക്കാതെ കൂട്ടായ്മയിലെ അംഗങ്ങൾ ആവുന്നത് കൂട്ടിവച്ചു സ്വരൂപിച്ച തുക ഈ ഓണക്കാലത്തു വിധി സമ്മാനിച്ച വിഷമതകളിൽ വലയുന്ന രണ്ട് ജീവനുകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷ പകരും.

ബൈക്ക് ആക്സിഡന്റായി വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന കടയ്ക്കാവൂർ സ്വദേശി രതിൻ, ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ തുടരുന്ന കടയ്ക്കാവൂർ സ്വദേശി സുധി കുമാർ എന്നിവർക്കാണ് ഇക്കുറി കൂട്ടായ്മയുടെ നേതൃത്വത്തിൽ സഹായം നൽകുന്നത്. ഇതിനോടകം അർഹിക്കുന്ന നിരവധി കരങ്ങളിലേക്ക് പല പല ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ, കൂട്ടായ്മ സഹായമെത്തിച്ചു കഴിഞ്ഞു. മനുഷ്യത്വം സ്ഫുരിക്കുന്ന ഇനിയും ഒരുപിടി മാതൃക പ്രവർത്തനങ്ങളുമായി കടക്കാവൂർ കൂട്ടുകാർ മുന്നോട്ടു പോകുമെന്ന് ഗ്രൂപ്പ്‌ അംഗങ്ങളുടെ പേരിൽ അഡ്മിന്മാരായ ഉദയ് ഭാസ്കർ, ഗിരിലാൽ എന്നിവർ അറിയിച്ചു.

ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് മെംബേർസ് ആയ മനു വൃന്ദാവനം, സുബിൻകുമാർ കടയ്ക്കാവൂർ, സുധീഷ് കൊച്ചുതിട്ട, കണ്ണൻ, തംബുരു, ഷിബു എന്നിവർ പങ്കെടുത്തു. ഓണക്കിറ്റ് വിതരണം കടയ്ക്കാവൂർ സിഐ ശിവകുമാറും, ചികിത്സാ സഹായം എസ്‌ഐ വിനോദ് വിക്രമാദിത്യനും നിർവഹിച്ചു.