ഇടിക്കാൻ മാത്രമല്ല പാട്ട് പാടിക്കാനും എസ്ഐയ്ക്ക് അറിയാം, കടയ്ക്കാവൂർ പോലീസിന്റെ ഓണപ്പാട്ട് കണ്ടോ?

കടയ്ക്കാവൂർ : ഇടിച്ചു സത്യം പറയിപ്പിക്കാൻ മാത്രമല്ല പൊലീസിന് പാട്ട് എഴുതാനും പാടിപ്പിക്കാനും സംവിധാനം ചെയ്യാനും അറിയാം. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന കടയ്ക്കാവൂർ പോലീസിന്റെ ഓണംശംസകൾ ഉൾപ്പെടുത്തിയ ഓണപ്പട്ടിന്റെ വീഡിയോയെ കുറിച്ചാണ് കടയ്ക്കാവൂർ നിവാസികൾക്ക് ചർച്ച. അതിന്റെ ഏറ്റവും പ്രധാന കാരണം വീഡിയോയുടെ ആശയവും, പാട്ടിൻറെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് കടയ്ക്കാവൂർ സബ്ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യനാണ് എന്നുള്ളതാണ്.

ഓണാഘോഷത്തിന്റെ തിരക്കിലേക്ക് പോകുന്ന കടയ്ക്കാവൂർ നിവാസികൾ ഓണാഘോഷം പൊടിപൊടിക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അതിരു വിടാത്ത ഓണാഘോഷം ആകണം വേണ്ടത് എന്ന് നിർദ്ദേശിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മാവേലി നാടുവാണീടും കാലം എന്ന പഴയ പാട്ടിൻറെ പാരഡിയിലൂടെയാണ് ജനങ്ങൾക്ക് സന്ദേശം കൊടുക്കുന്നത്.

മാസ്ക് ശരിയായി ധരിക്കാനും സാമൂഹിക അകലം പാലിക്കാനും പാട്ടിലൂടെ നിർദ്ദേശം നൽകുന്ന വീഡിയോയിൽ പോലീസിൻറെ നിർദ്ദേശങ്ങൾ പാലിക്കാനും ഒപ്പം കൊറോണ ഇല്ലാത്ത ഒരു ഓണം
ഉണ്ടാകുമെന്നും അന്ന് എല്ലാവർക്കും ഒന്നിച്ചിരുന്ന് ഓണം കൂടാം എന്നും ശുഭപ്രതീക്ഷ നൽകിക്കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ റൂറൽ പോലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളും ഓണ സന്ദേശം കൈമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നൽകാൻ നിർദേശിച്ചിരുന്നു. ലോക്ഡോൺ കാലത്ത് ‘കൂഴ ചക്ക’ എന്ന പേരിൽ കടയ്ക്കാവൂർ പോലീസ് ഇറക്കിയ ഷോർട്ട് ഫിലിം വൈറലായിരുന്നു. അതിൽ അഖിൽ കവലയൂർ എന്നാ പ്രൊഫഷണൽ കലാകാരനെ മാറ്റി നിർത്തിയാൽ ബാക്കി അഭിനയിച്ചവർ എല്ലാം കടയ്ക്കാവൂർ പോലീസുകാരായിരുന്നു.

ഈ വീഡിയോ ക്യാമറ ചെയ്തത് പ്രിനു ആറ്റിങ്ങൽ ആണ്. അഭിനയിച്ചിരിക്കുന്നത് കടക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാർഥിനി നന്ദനയാണ്. ഒരു സബ്ഇൻസ്പെക്ടർ രചനയും സംവിധാനവും നിർവഹിച്ച വീഡിയോ എന്ന പ്രത്യേകതയും വീഡിയോയ്ക്ക് ഉണ്ട്.

മലയാളം മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമുള്ള എസ്.ഐ വിനോദ് വിക്രമാദിത്യൻ മണ്ണിലെ മാലാഖമാർ എന്ന പേരിൽ ഒരു ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗ് പണിപ്പുരയിലാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന്റെ പറ്റി 3 സംഭവങ്ങൾ കോർത്തിണക്കിയ ഷോർട്ട് ഫിലിം ആണ് മണ്ണിലെ മാലാഖമാർ.ലോക് ഡൗൺ ആയതിനാലാണ് ഷൂട്ടിങ് മാറ്റിവെച്ചത്.