കരവാരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കത്തിലുള്ളവർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടുക

കരവാരം : കരവാരം ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിലുള്ള കൊക്കോട്ടുകോണം എന്ന സ്ഥലത്ത് ഒരു കുടുംബത്തിലെ 25 ഉം 28 ഉം വയസുള്ള രണ്ട് യുവതികൾക്ക് ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സഹോദരങ്ങളടക്കം 7 പേർക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടാം തീയതി ഇവരുടെ വീട്ടിൽ നടന്ന ഒരു ചടങ്ങിൽ ബന്ധുക്കളടക്കം പങ്കെടുത്തിരുന്നു. പുനലൂർ, വെമ്പായം, പൂവച്ചൽ എന്നിവടങ്ങളിൽ താമസിക്കുന്ന ചടങ്ങിൽ പങ്കെടുത്ത സഹോദരങ്ങൾക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരുമായി നിരവധി ബന്ധുക്കൾ സമ്പർക്കം പുലർത്തിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

പോസിറ്റീവായ ഒരു യുവതി സമീപ പ്രദേശങ്ങളിലുള്ള ചില വ്യാപാര സ്ഥാപനങ്ങളിൽ ഓട്ടോയിൽ എത്തി സന്ദർശനം നടത്തിയതായും കണ്ടെത്തി. ഓട്ടോക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനായി പോലീസും ആരോഗ്യ വകുപ്പും നടപടി തുടങ്ങിയിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകുകയും ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതുമാണ്. രോഗവ്യാപന പ്രതിരോധ പ്രവർത്തങ്ങൾ ഇതിനോടകം തന്നെ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്.

നഗരൂർ നെല്ലിക്കുന്ന് പാറക്വാറിയിൽ ദിവസങ്ങൾക്ക് മുൻപ് ഒരു അതിഥിതി തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഈ വ്യക്തിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടരെ ആരോഗ്യ വകുപ്പ് സ്രവ പരിശോധനടത്തിയിരുന്നു. ഇതിൻ്റെ ഫലം ഇന്ന് വന്നതിൽ 3 അതിഥി തൊഴിലാളികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ക്വാറിക്ക് സമീപമുള്ള ഒരു വീട്ടിലെ പ്രായം ചെന്ന ഒരു സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോസിറ്റീവ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവർ അടിയന്തിരമായി കരവാരം പി എച്ച് സി മെഡിക്കൽ ഓഫീസർ നഗരൂർ പോലീസ് എസ് എച്ച് ഒ എന്നിവരെ വിവരം അറിയിക്കേണ്ടതാണ്.ആരും ആശങ്കപ്പെടേണ്ടതായിട്ടില്ല. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും
അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു.