ദേശീയ ജല ഇന്നോവേഷൻ അവാർഡ് കട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതിക്ക്

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിക്ക് ഈ വർഷത്തെ ദേശീയ ജല ഇന്നോവേഷൻ അവാർഡ് ലഭിച്ചു. ഇന്ന് ഓൺലൈനായി ചേർന്ന ചടങ്ങിൽ ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ അവാർഡ് ഏറ്റുവാങ്ങി. എലെറ്റ്സ് ടെക്നോമീഡിയ കേന്ദ്ര സർക്കാരിന്റെ ജലശക്തി മന്ത്രാലയവുമായി ചേർന്ന് രാജ്യത്ത് നടപ്പിലാക്കുന്ന ജല സംരക്ഷണ രംഗത്തെ നൂതന ആവിഷ്കാരങ്ങളെ അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ്.

17 വ്യത്യസ്ത വിഭാഗങ്ങളിലാണ് ഈ വർഷം ജല ഇന്നോവേഷൻ അവാർഡ് നൽകുന്നത്. മഴവെള്ള സംഭരണത്തിലെ നൂതന ആവിഷ്കാരം എന്ന വിഭാഗത്തിലാണ് കാട്ടാക്കട ജലസമൃദ്ധി പദ്ധതിക്ക് അവാർഡ് ലഭിച്ചത്. ചുരുങ്ങിയ കാലയളവിൽ സംയോജിത ജലവിഭവ പരിപാലനത്തിലൂടെ പദ്ധതി പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയർത്താനായതും പദ്ധതി വിജയകരമായി നടപ്പാക്കാൻ അവലംബിച്ച വ്യത്യസ്തങ്ങളായ മഴവെള്ള സംഭരണ മാർഗ്ഗങ്ങളും പരിഗണിച്ചാണ് ജലസമൃദ്ധി പദ്ധതി മഴവെള്ള സംഭരണത്തിലെ നൂതന ആവിഷ്കാരം വിഭാഗത്തിൽ രാജ്യത്തെ മികച്ച പദ്ധതികളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് അഡ്വ. ഐ ബി സതീഷ് എം.എൽ.എ പറഞ്ഞു.