ആശ്വാസ വാർത്ത : മണമ്പൂർ പഞ്ചായത്ത്‌ പരിധിയിൽ കോവിഡ് പരിശോധന നടത്തിയ 50 പേരുടെയും ഫലം നെഗറ്റീവ്

മണമ്പൂർ : 2 വാർഡുകൾ കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച മണമ്പൂർ പഞ്ചായത്തിൽ ഇന്ന് 50 പേരെ കോവിഡ് പരിശോധന നടത്തിയതിൽ 50 പേരുടെയും ഫലം നെഗറ്റീവ് ആണെന്ന് അധികൃതർ അറിയിച്ചു. മണമ്പൂർ പഞ്ചായത്തും , മണമ്പൂർ സി.എച്ച്.സിയും നേതൃത്വം കൊടുത്തുകൊണ്ട് മണനാക്ക് ആർഎംഎൽപിഎസ്സിൽ വെച്ചാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

മണമ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9 കണ്ണങ്കര , വാർഡ് 12 പൂവത്തു മൂല എന്നീ രണ്ടു വാർഡുകളെയാണ് ജില്ലാ കളക്ടർ കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായ് പൂവത്തു മൂല വാർഡിൽ മണനാക്ക് ഭാഗങ്ങിൽ 5 മാസം പ്രായമുള്ള കുട്ടിയടക്കം ഒട്ടേറെ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഒരു സ്ത്രീയ്ക്കും മകൾക്കുമാണ് ആദ്യമായ് അവിടെ സ്ഥിരീകരിച്ചത്. അവരുടെ സമ്പർക്കത്തിലൂടെയാണ് കുഞ്ഞിനും ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കും കോവിഡ് ബാധിച്ചത്. ഇതിൽ ജൂലൈ മാസം അവസാനത്തോടെ വിവാഹം നടന്ന ഒരു പെൺകുട്ടിയുമുണ്ടായിരുന്നു . വരന്റെ സ്ഥലം വാർഡ് 9 കണ്ണങ്കരയിൽ പാലാംകോണം ഭാസ്ക്കർ കോളനിയ്ക്ക് സമീപമാണ്. വിവാഹവുമായ് ബന്ധപ്പെട്ട ചടങ്ങുകളിലും ഒട്ടേറെ വിരുന്നു സൽക്കാരങ്ങളിലും ഇവർ പങ്കെടുത്തിരുന്നു. അതു കൊണ്ട് തന്നെ രണ്ട് വാർഡിലുമുള്ള ഇവരുടെ സമ്പർക്കപ്പട്ടിക നീളുന്നു. ആയതിനാലാണ് പൂവത്തു മൂല , കണ്ണങ്കര വാർഡുകളെ കണ്ടയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.

ഇന്ന് നടന്ന പരിശോധനാ ഫലം നാടിന് ആശ്വാസം നൽകുന്നതാണ്. നാളെ തൊട്ടിക്കല്ല് ലവ് ഡെയ്ൽ സ്കൂളിൽ വെച്ച് കൂടുതൽ പേരെ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.