മിഠായി പദ്ധതിയുടെ മാധുര്യം നുകർന്ന് വക്കം സ്വദേശിനി അതുല്യയും

തിരുവനന്തപുരം: ‘മിഠായി പദ്ധതി’ അതുല്യ എന്ന പതിനൊന്നുകാരിയ്ക്ക് പകർന്നു നൽകിയ ആശ്വാസം ചെറുതല്ല. എസ് എ ടി യിലെ ശിശുരോഗ വിഭാഗത്തിന് കീഴിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള ഡയബറ്റിക് ക്ലിനിക്കിൽ ചികിത്സയിലുള്ള കുട്ടിയാണ് ഏഴാം ക്ലാസുകാരിയും വക്കം സ്വദേശിനിയുമായ അതുല്യ. സാമൂഹ്യ സുരക്ഷാ മിഷന്റെ പദ്ധതി പ്രകാരം അതുല്യയ്ക്ക് ഇന്ന് അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന ഇൻസുലിൻ പമ്പ് സ്വന്തമായിക്കഴിഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനം അതുല്യയ്ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സാധാരണ രീതിയിലുള്ള ഇൻസുലിൻ നൽകൽ കാര്യമായ പ്രയോജനം നൽകിയിരുന്നുമില്ല. ഒരു ഇൻസുലിൻ പമ്പ് വാങ്ങാനുള്ള സാമ്പത്തിക ശേഷി അതുല്യയുടെ രക്ഷിതാക്കൾക്കുണ്ടായിരുന്നില്ല. കുട്ടിയുടെ സാഹചര്യ ആൾ മിഠായി ക്ലിനിക്കിലെ ടെക്നിക്കൽ കമ്മറ്റി പരിശോധിക്കുകയും ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, മിഠായി ക്ലിനിക്കിലെ മെഡിക്കൽ ഓഫീസർ ഡോ റിയാസ് എന്നിവർ ഇടപെട്ട്
സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ഇൻസുലിൻ പമ്പ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തിങ്കളാഴ്ച അതുല്യയുടെ ആഗ്രഹം സഫലമായി. സാമൂഹ്യ സുരക്ഷാ മിഷൻ വഴി മിഠായി പദ്ധതിയിലൂടെ ഇൻസുലിൻ പമ്പ് ലഭിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് അതുല്യ. നേരത്തേ വി കെയർ പദ്ധതിയിലൂടെ ഒരു കുട്ടിയ്ക്കും ഇൻസുലിൻ പമ്പ് നൽകിയിട്ടുണ്ടെന്ന് ഡോ റിയാസ് പറഞ്ഞു. ക്ലിനിക്കിൽ മുന്നൂറിലധികം കുട്ടികളാണ് ചികിത്സയിലുള്ളത്. അതിൽ മിഠായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 150 കുട്ടികളാണ്. ഇൻസുലിൻ പമ്പിനു പുറമേ കണ്ടിന്യുയിംഗ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സംവിധാനം, ഇൻസുലിൻ പേന, ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ,സ്ട്രിപ്പുകൾ എന്നിവയും നൽകുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി എസ് എ ടി യിലെ ശിശുരോഗ വിഭാഗത്തിന് കീഴിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായി ഡയബറ്റിക് ക്ലിനിക് പ്രവർത്തിച്ചു വരുന്നു. ആദ്യമൊക്കെ ക്ലിനിക്ക് വഴി ചികിത്സാ നിർദ്ദേശങ്ങൾ മാത്രമേ കൊടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ശ്രമഫലമായി സർക്കാരിന്റെ വിവിധ പദ്ധതികളായ മിഠായി പദ്ധതി, ആരോഗ്യ കിരണം, ആർ ബി എസ് കെ എന്നിവ വഴി ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകൾ എന്നിവ നൽകി വരുന്നു.

ചിത്രം: അതുല്യ