നന്ദിയോട് ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..

നന്ദിയോട്: പാലോട് സിഎച്ച്‌സി നന്ദിയോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ ഇന്ന് 5 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലോട് സിഎച്ച്‌സിയുടെ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ ഇന്ന് 92 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. അതിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരിൽ നാലുപേർ ഒരേവീട്ടിൽ നിന്നുള്ളവരാണ്. നേരത്തെ പ്ലാവറയിലെ വ്യാപാരസ്ഥാപനത്തിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കള്ളിപ്പാറ സ്വദേശിയുടെ കുടുംബാംഗങ്ങൾ ആയ ഇവർ നിരീക്ഷണത്തിൽ ആയിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തി ആലംപാറ സ്വദേശിനിയാണ്. ഇവർ പാലോട് ആശുപത്രിയിൽ വച്ച് നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകുകയും രോഗലക്ഷണങ്ങൾ ഉണ്ടാകുന്നപക്ഷം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കോവിഡ് പരിശോധനാ കേന്ദ്രത്തിൽ എത്തി പരിശോധനക്ക് വിധേയരാകേണ്ടതുമാണ്. നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നും പഞ്ചായത്തിലുടനീളം ജാഗ്രതാ നിർദ്ദേശങ്ങളുമായി മൈക്ക് അനൗൺസ്മെന്റ് നടത്തി.

നന്ദിയോട് പരിസരത്തെ ചില വർക്ഷോപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇന്ന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.ജനങ്ങൾ കർശനമായ ജാഗ്രത തുടരണമെന്നും
കഴിവതും പൊതുസ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും,കുട്ടികളും,പ്രായമായവരും,ഗഭിണികളും യാതൊരു കാരണവശാലും പുറത്തിറങ്ങി നടക്കരുതെന്നും പഞ്ചായത്തിന്റെ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.